തിരുവനന്തപുരം: തിരക്കേറിയ ഔദ്യോഗിക ജോലികൾക്ക് ശേഷം ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിവന്ന ഐടി കമ്പനി മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശി വിശാൽ (26) ആണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. ലഹരി വിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. മാസം ഒന്നരലക്ഷത്തോളം രൂപ ശമ്പളമുള്ള വിശാൽ, ശ്രീകാര്യത്തെ തന്റെ ഫ്ലാറ്റിൽ തികച്ചും ജൈവരീതിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ചട്ടികളിൽ മണ്ണും കമ്പോസ്റ്റും നിറച്ച് അതീവ ശ്രദ്ധയോടെ പരിപാലിച്ച പോന്ന 70 ഓളം കഞ്ചാവ് ചെടികളാണ് പോലീസ് ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തത്.
താൻ കൃഷി ചെയ്യുന്ന കഞ്ചാവ് പുറത്തുവിറ്റ് പണമാക്കാൻ വിശാൽ ശ്രമിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. വിളവെടുക്കുന്ന കഞ്ചാവ് മുഴുവൻ സ്വന്തം ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. മൂപ്പെത്താത്ത കഞ്ചാവ് ചെടികൾ അരച്ച് പാലിൽ ചേർത്ത് കുടിക്കാനും ചട്നിയുണ്ടാക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മൂപ്പെത്തിയ ചെടികൾ താൻ ഉപയോഗിക്കാറില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യം പോലീസ് ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്. ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം സാധാരണമാണെന്നും, കേരളത്തിൽ ഇത് ഇത്ര വലിയ നിയമപ്രശ്നമാകുമെന്ന് കരുതിയില്ലെന്നുമാണ് അറസ്റ്റിലായ വിശാൽ പോലീസിന് നൽകിയ മൊഴി. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
