കൊച്ചി: നടൻ സലിംകുമാർ യാത്രയാകുമ്പോൾ മലയാളികൾക്ക് ഓർക്കാൻ ഒരുപാട് ഓർമ്മകളുണ്ട്. ചിരിപ്പിച്ചും കരയിപ്പിച്ചും എത്രയെത്ര കഥാപാത്രങ്ങൾ. സലിംകുമാറിന്റെ മുഖത്ത്് വിരിഞ്ഞ നർമ്മത്തിന്റെ നിരവധി ഭാവങ്ങൾ. 1969 ഒക്ടോബർ 9-ന് വടക്കൻ പറവൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പേര് കേട്ട് ആരും മതം തിരിച്ചറിയരുത് എന്ന ആഗ്രഹത്താലാണ് അച്ഛൻ മകന് ‘സലിം’ എന്ന് പേരിട്ടത്. പിന്നീട് സ്കൂളിലെ അധ്യാപിക നിർബന്ധപൂർവ്വം ‘കുമാർ’ എന്ന് കൂടി ചേർക്കുകയായിരുന്നു. പലരും തന്നെ സ്നേഹത്തോടെ ‘സലിം ഇക്ക’ എന്ന് വിളിക്കാറുള്ള കാര്യം താരം തന്നെ മുൻപ് പങ്കുവെച്ചിട്ടുണ്ട്. ചിറ്റാറ്റുകര സ്വദേശിയായ സലിംകുമാർ സിനിമ എന്ന ലക്ഷ്യത്തോടെയാണ് എറണാകുളം മഹാരാജാസ് കോളേജിലേക്ക് വണ്ടി കയറിയത്. കലാലയ കലോത്സവങ്ങളിലെ മിമിക്രി പ്രകടനം സിനിമയിലേക്കുള്ള വഴിതുറക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. തുടർന്ന് കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ മിമിക്രി കലാകാരനായി അദ്ദേഹം തിളങ്ങി.
ഉറ്റസുഹൃത്തായ നാദിർഷയാണ് സലിംകുമാറിനെ സിനിമാലോകത്തേക്ക് കൈപിടിച്ചുയ ർത്തുന്നത്. ‘ഇഷ്ടമാണ് നൂറുവട്ടം’ എന്നതായിരുന്നു ആദ്യ ചിത്രം. 1996 സെപ്റ്റംബർ 14-നായിരുന്നു സുനിതയുമായുള്ള പ്രണയവിവാഹം. വിവാഹത്തിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹം ആദ്യ സിനിമയിൽ അഭിനയിക്കാൻ പോയത്. വെറുമൊരു മിമിക്രി കലാകാരനായിരുന്ന തന്നെ വിശ്വസിച്ച് കൂടെയിറങ്ങിയ സുനിതയ്ക്ക് ദൈവം നൽകിയ സമ്മാനമാണ് തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങളുമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. 2000-ൽ പുറത്തിറങ്ങിയ ‘തെങ്കാശിപ്പട്ടണം’ സൂപ്പർഹിറ്റായതോടെ സലിംകുമാർ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി. മുന്നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഹാസ്യനടൻ എന്ന ലേബലിൽ ഒതുങ്ങാതെ ക്യാരക്ടർ റോളുകളിലും അദ്ദേഹം വിസ്മയിപ്പിച്ചു. അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. മികച്ച നടൻ (ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ): ആദാമിന്റെ മകൻ അബു (2010), മികച്ച രണ്ടാമത്തെ നടൻ: അച്ഛനുറങ്ങാത്ത വീട് (2005). മികച്ച ഹാസ്യനടൻ: അയാളും ഞാനും തമ്മിൽ (2013), മികച്ച കഥാകൃത്ത്: കറുത്ത ജൂതൻ (2016). മികച്ച ടെലിവിഷൻ നടൻ: 2013. അഭിനയത്തിന് പുറമെ കംപാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു.
ജന്മം കൊണ്ട് താനൊരു കോൺഗ്രസുകാരനാണെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിത്വമായിരുന്നു സലിംകുമാറിന്റേത്. ചിറ്റാറ്റുകരയിലും മാല്യങ്കര കോളേജിലും പഠിക്കുന്ന കാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പിന്നീട് സിനിമയിൽ നിന്ന് ചെറിയ ഇടവേളകളെടുത്തപ്പോഴൊക്കെ അദ്ദേഹം കോൺഗ്രസ് വേദികളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സജീവ സാന്നിധ്യമായി. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ഉറച്ചു വിശ്വസിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഒടുവിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ ആ സന്തോഷം അദ്ദേഹം പരസ്യമായി പങ്കുവെക്കുകയും ചെയ്തിരുന്നു.
