ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ടെലഗ്രാമിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ജൂൺ 22 വരെയാണ് നിയന്ത്രണം. ചോദ്യ പേപ്പർ ചോർച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എൻഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എൻടിഎ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ വിൽപ്പനയ്ക്ക് എന്ന് വ്യാപക പ്രചാരണ ഉയർന്നതിനെത്തുടർന്ന് വിദ്യാർഥികളടക്കം പരാതിയുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള വ്യാജപ്രചാരണം നടക്കുന്നത്.
