കേരളനിയമ സഭയില്‍ വി.ഡി. സതീശൻ സർക്കാർ അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധവും പ്രവാസി വിരുദ്ധവും പൊതുമേഖലാ വിരുദ്ധവുമാണ്: ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ കുറ്റപ്പെടുത്തി.
കേരള നിയമസഭയിൽ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെയും സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളെയും അവഗണിക്കുന്ന ജനവിരുദ്ധ രേഖയാണെന്ന് ബഹ്റൈൻ ഇടതുപക്ഷ മുന്നണി നേതാക്കളുടെ യോഗം വിലയിരുത്തി.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും നിർണായക പങ്കുവഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ പൂർണമായും അവഗണിച്ച ബജറ്റാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പുതിയ പദ്ധതികളോ സംരക്ഷണ നടപടികളോ പ്രഖ്യാപിച്ചിട്ടില്ല.
പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് പദ്ധതി, വിദേശ രാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും അടിയന്തര സഹായ പദ്ധതികൾ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികൾ തുടങ്ങി ഒരു സുപ്രധാന വിഷയത്തിലും ബജറ്റ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.പ്രവാസികൾ വർഷങ്ങളായി കേരളത്തിലേക്ക് അയക്കുന്ന പണം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തിയിട്ടും, അവരുടെ സംഭാവനകളെ അംഗീകരിക്കുന്ന ഒരു അനുകൂല തീരുമാനം പോലും ബജറ്റിൽ ഉൾപ്പെടുത്താത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒരു സമൂഹത്തെ പൂർണമായും മറന്ന ബജറ്റാണ് ഇതെന്ന് യോഗം വിലയിരുത്തി.അതോടൊപ്പം, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുസമ്പത്തുകളെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരിക്കെ, അവയെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി വെറും വില്പന ചരക്കാക്കി സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുന്ന സമീപനമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ ശക്തിപ്പെടുത്തുകയും വളർത്തിയെടുക്കുകയും ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾക്കും കുത്തക മുതലാളിമാർക്കും കൈമാറാനുള്ള നയ സൂചനകൾ ബജറ്റിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വികസിപ്പിച്ച പൊതുസമ്പത്തുകൾ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുന്നത് വികസനമല്ല, മറിച്ച് ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ്. ഇത് പൊതുമേഖലയെ ദുർബലപ്പെടുത്തുകയും തൊഴിലവസരങ്ങൾ കുറയ്ക്കുകയും സാമൂഹിക അസമത്വം വർധിപ്പിക്കുകയും ചെയ്യും.ഈ ബജറ്റിന്റെ ആകെ സമീപനം പരിശോധിക്കുമ്പോൾ, തിരഞ്ഞെടുപ്പ് കാലത്ത് ഇന്നത്തെ സർക്കാരിനെ സാമ്പത്തികമായും രാഷ്ട്രീയമായും പിന്തുണച്ച ചില കോർപ്പറേറ്റ് ശക്തികളോടും വൻകിട കുത്തക മുതലാളിമാരോടും ഉള്ള കടപ്പാട് തീർക്കാനുള്ള ശ്രമമായാണ് ഇതിനെ ജനങ്ങൾ കാണുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് ബജറ്റിന്റെ അടിത്തറയെന്ന് നേതാക്കൾ ആരോപിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രതിസന്ധി, സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ വികസനം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ വ്യക്തമായ പരിഹാര നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ ബജറ്റ് മുഴുവനായും പരാജയപ്പെട്ടിരിക്കുകയാണ്.
അതിനാൽ ഈ ബജറ്റ് സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കില്ലെന്നും യോഗം വിലയിരുത്തി.ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിക്കുന്നതും പ്രവാസികളുടെ സംഭാവനകളെ അംഗീകരിക്കുന്നതും പൊതുമേഖലയെ സംരക്ഷിക്കുന്നതുമായ ഒരു ബദൽ വികസന കാഴ്ചപ്പാടിനുവേണ്ടി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരുമെന്നും ഒരു കുത്തകയ്ക്ക് മുന്നിലും നാടിനെ തീറെഴുതി കൊടുക്കാന്‍ കേരള ജനത സമ്മതിക്കില്ലെന്നും ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
