ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമായിരുന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവച്ചു. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി പൂർത്തിയായ തിനെ ത്തുടർന്നാണ് ഈ നീക്കം. ജോർജ് കുര്യൻ സമർപ്പിച്ച രാജി കത്ത് രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി സ്വീകരിച്ചു. മൂന്നാം മോദി സർക്കാരിൽ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി 2024 ജൂൺ 9നാണ് അദ്ദേഹം ചുമതലയേറ്റത്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായായിരുന്നു അദ്ദേഹം പാർലമെന്റിൽ എത്തിയിരുന്നത്. അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം ജോർജ് കുര്യന് വീണ്ടും സീറ്റ് നൽകിയിരുന്നില്ല. പാർലമെന്റ് അംഗമല്ലാതെ ആറുമാസത്തിൽ കൂടുതൽ മന്ത്രിസ്ഥാനത്ത് തുടരാനാകാത്ത സാഹചര്യത്തിലാണ് രാജി.
മന്ത്രിസ്ഥാനം ഒഴിഞ്ഞ ജോർജ് കുര്യൻ ഇനി ബിജെപിയുടെ സംഘടനാരംഗത്തേക്ക് മടങ്ങുമെന്നാണ് വിവരം. കേരളം കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കാനുള്ള തന്റെ താല്പര്യം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ ഇതിനകം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജോർജ് കുര്യൻ മത്സരിച്ചിരുന്നെങ്കിലും വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും പാർട്ടിയോടുള്ള ദീർഘകാലത്തെ വിശ്വസ്തത പരിഗണിച്ചാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിലേക്ക് വഴിതുറന്നത്.
