സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശഭാഷാ കോമ്പിനേഷൻ പത്താം ക്ലാസ് വരെ തുടരാം; ത്രിഭാഷാ നയം ആറാം ക്ലാസ് മുതൽ മാത്രം

  • Home-FINAL
  • Business & Strategy
  • സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശഭാഷാ കോമ്പിനേഷൻ പത്താം ക്ലാസ് വരെ തുടരാം; ത്രിഭാഷാ നയം ആറാം ക്ലാസ് മുതൽ മാത്രം

സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശഭാഷാ കോമ്പിനേഷൻ പത്താം ക്ലാസ് വരെ തുടരാം; ത്രിഭാഷാ നയം ആറാം ക്ലാസ് മുതൽ മാത്രം


ന്യൂഡൽഹി: ലക്ഷക്കണക്കിന് സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. പഠനമധ്യേ പെട്ടെന്നൊരു ഭാഷാ മാറ്റത്തിന് വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായുള്ള ത്രിഭാഷാ പദ്ധതിപ്രകാരം രണ്ട് ഇന്ത്യൻ ഭാഷകൾ പഠിക്കണമെന്ന നിബന്ധന ആറാം ക്ലാസ് മുതൽ മാത്രമേ ഘട്ടംഘട്ടമായി നടപ്പിലാക്കൂ. നിലവിൽ 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മുൻകാല പ്രാബല്യത്തോടെ ഇത് ബാധകമാക്കില്ലെന്നും മന്ത്രി അറിയിച്ചു.

നിലവിലെ സിസ്റ്റം അനുസരിച്ച് രണ്ട് വിദേശഭാഷകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് തങ്ങളുടെ പത്താം ക്ലാസ് ബോർഡ് പരീക്ഷ വരെ ആ കോമ്പിനേഷനിൽ തന്നെ പഠനം തുടരാം. ഇതനുസരിച്ച് നിലവിലെ ഏഴാം ക്ലാസുകാർക്ക് 2030-ലും, ഒൻപതാം ക്ലാസുകാർക്ക് 2028-ലും തങ്ങളുടെ പത്താം ക്ലാസ് പരീക്ഷകൾ ഈ വിദേശഭാഷാ കോമ്പിനേഷനോടെ എഴുതിത്തീർക്കാം. സി.ബി.എസ്.ഇ തങ്ങളുടെ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച പുതുക്കിയ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ജൂലൈ മുതൽ പുതിയ നയം നടപ്പാക്കാൻ സി.ബി.എസ്.ഇ സ്കൂളുകളോട് ആവശ്യപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും വലിയ ആശങ്കയിലായിരുന്നു. വർഷങ്ങളായി വിദേശഭാഷ പഠിക്കുന്ന ഒരു കുട്ടി ഒൻപതാം ക്ലാസിലെത്തുമ്പോൾ പെട്ടെന്ന് അത് ഉപേക്ഷിച്ച് ഒരു ഇന്ത്യൻ ഭാഷ പഠിക്കേണ്ടി വരുന്നത് കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദത്തിനും സ്കൂളുകളിൽ വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്ന ഭയമാണ് ഇതോടെ ഇല്ലാതായത്.

മുൻപ് സി.ബി.എസ്.ഇ നൽകിയ അറിയിപ്പിൽ ഈ മാറ്റത്തെക്കുറിച്ച് വ്യക്തത കുറവുണ്ടായിരുന്നുവെന്ന് മന്ത്രി സമ്മതിച്ചു. ഇനി ഒരു കുട്ടിക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും, നിലവിൽ രണ്ട് വിദേശഭാഷകൾ പഠിക്കുന്നവർക്ക് പത്താം ക്ലാസ് വരെ അത് തുടരാമെന്നും അദ്ദേഹം ഉറപ്പുനൽകി. പുതിയ നയം ഇനി ആറാം ക്ലാസിലേക്ക് എത്തുന്ന കുട്ടികൾക്ക് മാത്രമേ ബാധകമാകൂ. ഇനി ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾ മൂന്ന് ഭാഷകൾ പഠിക്കണം. ഇതിൽ രണ്ട് ഭാഷകൾ നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. 22 ഇന്ത്യൻ ഭാഷകളിലുള്ള അനുയോജ്യമായ പാഠപുസ്തകങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കും. ഇതിനാവശ്യമായ അധ്യാപകരെയും വിഭവങ്ങളെയും കണ്ടെത്തുക എന്നത് സി.ബി.എസ്.ഇയുടെ വെല്ലുവിളിയാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. നാലാമതൊരു ഭാഷ ഓപ്ഷണലായി പഠിക്കാൻ അനുവാദമുണ്ട്. പുതിയ നയം വിദേശഭാഷകളെ വിലക്കുന്നില്ല, മറിച്ച് കോളനിവൽക്കരിക്കപ്പെട്ട ചിന്താഗതിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ ഭാഷകൾക്ക് മുൻഗണന നൽകുന്നു എന്ന് മാത്രം. സി.ബി.എസ്.ഇയിലെ വെറും 1.3% വിദ്യാർത്ഥികൾ മാത്രമാണ് നിലവിൽ രണ്ട് വിദേശഭാഷകൾ പഠിക്കുന്നത്. ബാക്കി 99% കുട്ടികളും ഇതിനകം തന്നെ രണ്ട് ഇന്ത്യൻ ഭാഷകൾ പഠിക്കുന്നുണ്ട്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻഗണന നൽകും. ഭാഷാ പരിഷ്കരണത്തിന് ഒപ്പം തന്നെ കുട്ടികളിൽ തൊഴിൽ നൈപുണ്യം വളർത്താനുള്ള ശക്തമായ നീക്കങ്ങളും സർക്കാർ നടത്തുന്നുണ്ട്. വൊക്കേഷണൽ കോഴ്സുകൾ നിർബന്ധമാക്കി. വർഷത്തിൽ 110 മണിക്കൂർ ഇതിനായി മാറ്റിവെക്കണം. സ്കൂളുകളിൽ ഇതിനായി സ്കിൽ ലാബുകൾ സ്ഥാപിക്കണം. 9, 10 ക്ലാസുകളിൽ ‘കൗശൽ വികാസ്’ പോലെയുള്ള സ്കിൽ സബ്ജക്ടുകൾ നിർബന്ധമാക്കി. ഇതിന്റെ മാർക്കുകൾ ഇന്റേണൽ, ബോർഡ് പരീക്ഷകളിൽ ഉൾപ്പെടുത്തും. 11, 12 ക്ലാസുകൾ: ഇവിടെ ഇത് നിർബന്ധമല്ലെങ്കിലും പ്രോത്സാഹിപ്പിക്കപ്പെടും. കൂടാതെ പത്താം ക്ലാസ് വരെ നിർബന്ധിത വൊക്കേഷണൽ സബ്ജക്റ്റിന് പകരമായി (In lieu of) വിദേശഭാഷ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമോ എന്ന കാര്യവും സി.ബി.എസ്.ഇയുടെ സജീവ പരിഗണനയിലാണ്.

Leave A Comment