തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള (KEAM) റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 11 മണിക്ക് പി.ആർ.ഡി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു റാങ്ക് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രവേശന നടപടികൾ ആരംഭിക്കും. വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ (CEE) ഔദ്യോഗിക വെബ്സൈറ്റിൽ റാങ്ക് പരിശോധിക്കാനും തുടർ നടപടികളായ ഓപ്ഷൻ രജിസ്ട്രേഷൻ, അലോട്ട്മെന്റ് എന്നിവയിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനം റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. അലോട്ട്മെന്റ്, രേഖാ പരിശോധന, കോളേജ് പ്രവേശനം എന്നിവയുടെ വിശദമായ സമയക്രമം പിന്നീട് പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
