‘എനിക്ക് ഇന്ത്യൻ പൗരയായി മരിക്കണം’, യുഎസ് പൗരയായ സ്‌ത്രീ കളക്‌‌ടറോ‌ട്‌

  • Home-FINAL
  • Business & Strategy
  • ‘എനിക്ക് ഇന്ത്യൻ പൗരയായി മരിക്കണം’, യുഎസ് പൗരയായ സ്‌ത്രീ കളക്‌‌ടറോ‌ട്‌

‘എനിക്ക് ഇന്ത്യൻ പൗരയായി മരിക്കണം’, യുഎസ് പൗരയായ സ്‌ത്രീ കളക്‌‌ടറോ‌ട്‌


രണ്ട് പതിറ്റാണ്ടുകാലം യു.എസിൽ പ്രവാസിയായ ഇന്ത്യൻ പൗരയ്‌ക്ക്‌ വേണ്ടത്‌ നാ‌ടിൻ്റെ അംഗീകാരം. തിരക്കുകളിൽ നിന്ന് ആന്ധ്രയിലെ സ്വന്തം ഗ്രാമത്തിന്റെ ശാന്തതയിലേക്ക് മടങ്ങിയെത്തിയ കോണ്ട്രഗുണ്ട മഹാലക്ഷ്മമ്മ എന്ന 94–കാരിക്കാണ്‌ ഇന്ത്യൻ പൗരത്വം തിരിച്ചു വേണ്ടത്‌. ആന്ധ്രപ്രദേശിലെ ബാപട്‌ല ജില്ലയിലെ ചിനഗഞ്ചം മണ്ഡലത്തിലുള്ള ചിന്തഗുംപാല എന്ന കൊച്ചു ഗ്രാമമാണ് മഹാലക്ഷ്മമ്മയുടെ ജന്മനാട്. ഭർത്താവ് നാഗഭൂഷണത്തിന്റെ വേർപാടിന് ശേഷമാണ് മഹാലക്ഷ്മമ്മയുടെ ജീവിതം മാറിമറിയുന്നത്. പ്രശസ്ത ഓങ്കോളജിസ്റ്റായ മകൻ ബുച്ചയ്യ ചൗധരിയോടൊപ്പം താമസിക്കാൻ അവർ അമേരിക്കയിലെ വെർജീനിയയിലുള്ള പീറ്റേഴ്‌സ്ബർഗിലേക്ക് കുടിയേറി. 2000 ജൂലൈയിൽ അവർ ഔദ്യോഗികമായി യുഎസ് പൗരത്വം സ്വീകരിച്ചു. നീണ്ട 18 വർഷക്കാലം അവർ മകനോടൊപ്പം അമേരിക്കയിൽ കഴിഞ്ഞു. എന്നാൽ മനസ്സ് എപ്പോഴും ജന്മനാട്ടിലെ ഓർമകളിലായിരുന്നു. 2018ൽ മകൻ ബുച്ചയ്യ ചൗധരി മംഗളഗിരിയിലെ എൻആർഐ ആശുപത്രിയിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിച്ചതോടെ മഹാലക്ഷ്മമ്മയും ഇന്ത്യയിലേക്ക് മടങ്ങി. അന്നുമുതൽ അവർ തന്റെ സ്വന്തം ഗ്രാമമായ ചിന്തഗുംപാലയിലാണ് താമസിക്കുന്നത്.

തന്റെ ആയുസ്സിന്റെ ബലം കുറഞ്ഞു വരുന്നു എന്ന് തിരിച്ചറിഞ്ഞ മഹാലക്ഷ്മമ്മ, കഴിഞ്ഞ ബുധനാഴ്ച മകനോടൊപ്പം ബാപട്‌ല ജില്ലാ കലക്ടർ ജെ. വെങ്കട മുരളിയുടെ ഓഫിസിലെത്തി. പ്രായത്തിന്റെ അവശതകൾ മറന്ന്, തന്റെ പൗരത്വം വീണ്ടെടുക്കാനുള്ള അപേക്ഷയിൽ എത്രയും വേഗം നടപടിയുണ്ടാകണം എന്ന് ആവശ്യപ്പെടാനാണ് അവർ കലക്ടറെ നേരിൽ കണ്ടത്. താൻ ഇതിനകം തന്നെ യുഎസ് പൗരത്വം ഔദ്യോഗികമായി ഉപേക്ഷിച്ചുവെന്നും, ഇന്ത്യൻ പൗരത്വത്തിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അവർ അധികാരികളെ അറിയിച്ചു. മഹാലക്ഷ്മമ്മയുടെ വൈകാരികമായ അഭ്യർഥന പൂർണ മനസ്സോടെയാണ് ജില്ലാ കലക്‌ടർ ജെ. വെങ്കട മുരളി കേട്ടത്. നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് ഈ അപേക്ഷയിൽ എത്രയും വേഗം തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിലുള്ള അന്വേഷണം ഉടൻ പൂർത്തിയാക്കും. അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാർ ശുപാർശ സഹിതം ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. അവിടെ നിന്നാണ് പൗരത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള അന്തിമ ഉത്തരവ് വരുന്നത്.

Leave A Comment