ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഐ.വൈ.സി.സി ബഹ്റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 52-ാമത് മെഡിക്കൽ ക്യാമ്പും ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ 10-ാമത് മെഡിക്കൽ ക്യാമ്പുമാണ് ഹിദ്ദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഹിദ്ദിൽ നടന്നത്.

പ്രവാസികൾക്കിടയിൽ ആരോഗ്യ അവബോധം വളർത്തുകയും രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ബ്ലഡ് ടെസ്റ്റുകൾ, ആരോഗ്യ പരിശോധനകൾ, ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷൻ സേവനം എന്നിവ ക്യാമ്പിൽ ഒരുക്കിയിരുന്നു. മികച്ച ജനപങ്കാളിത്തം രേഖപ്പെടുത്തിയ ക്യാമ്പിൽ നൂറ്റിയമ്പതോളം പേർ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

ഹിദ്ദ്-അറാദ് ഏരിയ പ്രസിഡന്റ് നിതിൻ ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാജേഷ് പന്മന സ്വാഗതം ആശംസിച്ചു. തുടർന്ന് ഡോ. ദിവ്യ ശർമ ജീവിതശൈലി രോഗങ്ങൾ, അവയുടെ പ്രതിരോധ മാർഗങ്ങൾ, ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.

ദേശീയ കമ്മിറ്റി അംഗങ്ങളായ ബെൻസി ഗനിയുട്,ഷിന്റോ ജോസഫ്, റോബിൻ കോശി, ഏരിയ ട്രഷറർ ഷെറിൻ ജോർജ്, മനോജ് അപ്പുക്കുട്ടൻ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദേശീയ ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്, ട്രഷറർ ഷെഫീഖ് സൈഫുദ്ദീൻ, ദേശീയ വൈസ് പ്രസിഡന്റുമാരായ ഷാഫി വയനാട്, സ്റ്റെഫി സാബു, ഐ.ടി & മീഡിയ സെൽ കൺവീനർ അലൻ ഐസക്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പ് സന്ദർശിച്ചു.
ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റലിനു ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്തും ഏരിയ പ്രസിഡന്റ് നിതിൻ ചെറിയാനും ചേർന്ന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് റാഫിക്കും ഡോ. ദിവ്യ ശർമയ്ക്കും മൊമെന്റോ കൈമാറി.

ക്യാമ്പ് വിജയിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും ഷിന്റോ ജോസഫ് നന്ദി രേഖപ്പെടുത്തി.

Leave A Comment