ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവയിൽ വൻമാറ്റങ്ങൾക്ക് വഴിതുറക്കുന്ന നിർണായക ശുപാർശകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമിതി. പ്രവേശനത്തിനായി പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് ഒൻപതംഗ സമിതിയുടെ പ്രധാന ശുപാർശ. കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ‘ഡമ്മി’ സ്കൂളുകളുടെ പ്രവർത്തനം തടയുക, പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രാലയം സമിതി രൂപീകരിച്ചത്. പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50% പ്രാധാന്യം നൽകുക. നിലവിൽ എൻട്രൻസ് പരീക്ഷ എഴുതാൻ ബോർഡ് പരീക്ഷകളിൽ യോഗ്യതാ മാർക്ക് മാത്രമാണ് മാനദണ്ഡം. പ്രവേശന പരീക്ഷകളുടെ ചോദ്യങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നാക്കുക. ഇതുവഴി വിദ്യാർഥികൾ കോച്ചിങ് സെന്ററുകളെ അമിതമായി ആശ്രയിക്കുന്നത് തടയും.
പ്രവേശന പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് വർഷത്തിൽ ഒന്നിലധികം അവസരങ്ങൾ നൽകുക.
ഓൺ-ഡിമാൻഡ് കമ്പ്യൂട്ടർ പരീക്ഷകൾ: ഘട്ടം ഘട്ടമായി കൂടുതൽ അഡാപ്റ്റീവ് ആയ, ഓൺ-ഡിമാൻഡ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറുക. പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, മൂല്യനിർണ്ണയത്തിലെ പിഴവുകൾ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരങ്ങൾ ചർച്ചയാകുന്നത്. ഒരൊറ്റ പരീക്ഷയെ മാത്രം ആശ്രയിച്ച് കുട്ടികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദം കുറയ്ക്കാൻ മാറ്റങ്ങൾ സഹായിക്കുമെന്നാണ് സമിതി വിലയിരുത്തുന്നത്. സമിതിയുടെ അന്തിമ റിപ്പോർട്ട് വരും ആഴ്ചകളിൽ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. സർക്കാർ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ രാജ്യത്തെ പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശന നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.
