ഇന്ത്യ-ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാകുന്നു;വിവിധ മേഖലകളിൽ ശ്രദ്ധേയ മുന്നേറ്റം; ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ബഹ്റൈൻ സന്ദർശനം വിജയകരം;അംബാസഡർ വിനോദ് കെ. ജേക്കബ്

  • Home-FINAL
  • Business & Strategy
  • ഇന്ത്യ-ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാകുന്നു;വിവിധ മേഖലകളിൽ ശ്രദ്ധേയ മുന്നേറ്റം; ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ബഹ്റൈൻ സന്ദർശനം വിജയകരം;അംബാസഡർ വിനോദ് കെ. ജേക്കബ്

ഇന്ത്യ-ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാകുന്നു;വിവിധ മേഖലകളിൽ ശ്രദ്ധേയ മുന്നേറ്റം; ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ബഹ്റൈൻ സന്ദർശനം വിജയകരം;അംബാസഡർ വിനോദ് കെ. ജേക്കബ്


ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുന്നതായി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ജൂലൈ 6, 7 തീയതികളിലെ ബഹ്റൈൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിൽ വലിയ വഴിത്തിരിവായിയെന്ന് ഇന്ത്യൻ അംബാസഡർ ഇന്ത്യൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഡോ. എസ്. ജയശങ്കർ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയുമായി കൂടിക്കാഴ്ച്ച നടത്തി. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായും അദ്ദേഹം ചർച്ചകൾ നടത്തി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആശംസകൾ ബഹ്റൈൻ നേതൃത്വത്തിന് കൈമാറിയ വിദേശകാര്യ മന്ത്രി, ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് ഭരണകൂടം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി നടത്തിയ ചർച്ചയിൽ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും വിലയിരുത്തി.കൂടാതെ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള മാർഗങ്ങലും ചർച്ച ചെയ്തു. 2026-27 വർഷത്തേക്ക് യു.എൻ സുരക്ഷാ കൗൺസിലിലെ താൽക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബഹ്‌റൈനെ അദ്ദേഹം അഭിനന്ദിച്ചതായും അംബാസഡർ പറഞ്ഞു.

കൂടാതെ ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി . ബഹ്റൈന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക രംഗത്തും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ അദ്ദേഹം പ്രശംസിക്കുകയും പ്രവാസി സമൂഹത്തിന്റെ പങ്ക് എടുത്തുപറയുകയും ചെയ്തു.

വ്യാപാരത്തിലും സേവനങ്ങളിലും വൻ വളർച്ചഉഭയകക്ഷി വ്യാപാരം: 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാരം 1.66 ബില്യൺ യു.എസ് ഡോളറിലെത്തി (മുൻവർഷത്തെ അപേക്ഷിച്ച് 1.57% വർദ്ധനവ്). ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം ഏകദേശം 2 ബില്യൺ ഡോളറാണ്. ഇരട്ട നികുതി ഒഴിവാക്കൽ കരാറുമായി (DTAA) ബന്ധപ്പെട്ട ആദ്യ റൗണ്ട് ചർച്ചകൾ 2026 ജൂലൈയിൽ വിജയകരമായി നടന്നതായും അംബാസഡർ പറഞ്ഞു.

ബഹ്റൈൻ പൗരന്മാർക്കായി ഇന്ത്യ 14 വിഭാഗങ്ങളിലായി ഇ-വിസ സേവനം ഒരു വര്ഷം പൂത്തിയാക്കിയതായി അംബാസഡർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ (ജൂലൈ 2025 – ജൂലൈ 2026) 4,651 ഇ-വിസകളാണ് ബഹ്‌റൈൻ പൗരന്മാർക്ക് അനുവദിച്ചത്.ബഹ്റൈൻ മാളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോൺസുലർ ആൻഡ് ആപ്ലിക്കേഷൻ സെന്റർ (ICAC) 2026 ഓഗസ്റ്റിൽ ഒരു വർഷം പൂർത്തിയാക്കും. 2025 ഓഗസ്റ്റ് 1 മുതൽ 2026 ജൂൺ 30 വരെ കേന്ദ്രം വഴി 39,121 കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകി. ഇതിൽ 28,072 പാസ്‌പോർട്ട് അപേക്ഷകൾ, 1,051 ജനന രജിസ്ട്രേഷനുകൾ, 960 കോൺസുലർ സേവനങ്ങൾ, 8,112 രേഖകളുടെ അറ്റസ്റ്റേഷൻ, 788 സാധാരണ വിസകൾ, 138 ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2026 ഏപ്രിലിൽ തത്കാൽ പാസ്‌പോർട്ട് സേവനം പുനരാരംഭിച്ചതായും ഫെബ്രുവരി 28ന് ശേഷവും കേന്ദ്രം തടസ്സമില്ലാതെ പ്രവർത്തിച്ചതായും അംബാസഡർ വ്യക്തമാക്കി.സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ പ്രചാരണം’SHANTI’ (സെക്യൂറിംഗ് ഹോളിസ്റ്റിക് അഡ്വാൻസ്‌മെന്റ് ത്രൂ നോംസ്, ട്രസ്റ്റ് ആൻഡ് ഇന്റഗ്രിറ്റി) എന്ന തത്വത്തിലൂന്നി 2028-2029 വർഷത്തെ യു.എൻ സുരക്ഷാ കൗൺസിലിലെ താൽക്കാലിക അംഗത്വത്തിനായുള്ള കാമ്പയിന് വിദേശകാര്യമന്ത്രി തുടക്കം കുറിച്ചു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുക, പരിഷ്കരിച്ച ബഹുരാഷ്ട്രവാദം നടപ്പിലാക്കുക, ഭീകരവാദ ഫണ്ടിംഗ് തടയുക തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള അക്രമങ്ങളെയും നാവികരെ ലക്ഷ്യമിട്ടുള്ള അനിഷ്ട സംഭവങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചതായി അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര ജലാശയങ്ങളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതവും വാണിജ്യവും പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കംബൈൻഡ് മാരിടൈം ഫോഴ്‌സസ് (CMF)-ലുള്ള ഇന്ത്യയുടെ പങ്കാളിത്തവും കഴിഞ്ഞ വർഷങ്ങളിൽ ശക്തമായതായി അംബാസഡർ പറഞ്ഞു . ഇന്ത്യ 2022-ൽ അസോസിയേറ്റ് പാർട്ണറായും 2023-ൽ പൂർണ അംഗമായും സി എം എഫിൽ ചേർന്നു. 2026 ഫെബ്രുവരി 11-ന് ഇന്ത്യൻ നാവികസേന CMF-ന്റെ പരിശീലന വിഭാഗമായ ‘കമ്പൈൻഡ് ടാസ്‌ക് ഫോഴ്‌സ് 154’ (CTF 154)-ന്റെ കമാൻഡ് ഏറ്റെടുത്തു. ഇന്ത്യ ഇത്തരമൊരു കമാൻഡ് ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഈ ദൌത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ വച്ച് 2026 ജൂലൈ 20 മുതൽ 23 വരെ ‘ഓപ്പറേഷൻ സതേൺ റെഡിനസ് 26-2’ (Operation Southern Readiness 26-2) എന്ന സംയുക്ത പരിശീലന പരിപാടി നടക്കും.

Leave A Comment