കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി അധ്യാപകൻ ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് നടപടികൾ വീണ്ടും വിവാദത്തിൽ. സുപ്രീം കോടതി വരെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് ഡോ. റാമിനെ അറസ്റ്റ് ചെയ്തതെങ്കിലും, നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് റദ്ദാക്കി അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. അറസ്റ്റ് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയതോടെ, വൈകിട്ട് 7.20-ഓടെ ഡോ. റാമിനെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പൊലീസിന് വേണമെങ്കിൽ വീണ്ടും അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിനു പിന്നാലെ ഭാര്യ ഡോ. ദിൽനയ്‌ക്കൊപ്പം ഡോ. റാം പുറത്തേക്കിറങ്ങവെ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ ബലമായി പിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി. ഭർത്താവിനെ പിടിച്ചുകൊണ്ടുപോയതോടെ ഡോ. ദിൽനയും റാമിന്റെ സഹോദരി സൗമ്യയും തൊഴുകൈകളോടെ കോടതി വളപ്പിലുള്ളവരോട് സഹായം അഭ്യർഥിച്ച് കരഞ്ഞു.
ഭർത്താവ് തിരിച്ചെത്താതെ പോകില്ലെന്ന് പറഞ്ഞ് ഡോ. ദിൽന കോടതി ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഡിവൈഎസ്പി, ഡോ. റാമിന്റെ സഹോദരനെയും സഹോദരിയെയും വാഹനത്തിൽ കയറ്റി ടൗണിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി എട്ടോടെ കോടതി പരിസരത്ത് തിരികെ ഇറക്കിവിട്ടു. ഡോ. റാമിനെ വീണ്ടും പിടികൂടിയിട്ടില്ലെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകുകയാണ് ചെയ്തതെന്നുമാണ് ഡിവൈഎസ്പി സുധീർ കല്ലൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പൊലീസ് ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. കോടതി ഉത്തരവ് ലംഘിച്ച ഡിവൈഎസ്പി സുധീർ കല്ലനെതിരെ കോടതിയലക്ഷ്യത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർകുമാർ വ്യക്തമാക്കി.
