ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട നടപടിക്കെതിരെ കടുത്ത നിലപാടുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഉച്ചഭക്ഷണ സമയത്തിനകം മെട്രോ സ്റ്റേഷനുകൾ തുറക്കാൻ നടപടിയുണ്ടായില്ലെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വ്യക്തിപരമായി തന്നെ ഇടപെടലുണ്ടാകുമെന്ന് അദ്ദേഹം ബാർ അസോസിയേഷന് ഉറപ്പുനൽകിയിട്ടുണ്ട്.
സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രമുഖ സ്റ്റേഷനുകൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ നിർണായക നീക്കം. യാത്രാക്ലേശം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തി ബാർ അസോസിയേഷൻ
മെട്രോ സ്റ്റേഷനുകൾ പെട്ടെന്ന് അടച്ചതോടെ അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും കൃത്യസമയത്ത് കോടതിയിലെത്താൻ കഴിയുന്നില്ലെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൃത്യമായ എൻട്രി പാസുകളുള്ള അഭിഭാഷകരെയും കോടതി ജീവനക്കാരെയും ആവശ്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം സുപ്രീം കോടതി മെട്രോ സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കണം.
മെട്രോ തടസ്സം കാരണം അഭിഭാഷകർക്ക് കൃത്യസമയത്ത് ഹാജരാകാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, ഇന്ന് കേസുകളിൽ കർശനമായ ഉത്തരവുകൾ ഒന്നും തന്നെ പുറപ്പെടുവിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ജഡ്ജിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെട്രോ അധികൃതരുമായി ബന്ധപ്പെട്ട് ഈ വിഷയം ചർച്ച ചെയ്യാൻ സുപ്രീം കോടതി ഭരണവിഭാഗത്തോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെൻട്രൽ ഡൽഹിയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് രാജ്യതലസ്ഥാനത്തെ 16 പ്രധാന മെട്രോ സ്റ്റേഷനുകൾ അധികൃതർ അടച്ചുപൂട്ടിയത്. മെട്രോ സർവീസുകൾക്കുള്ള നിയന്ത്രണം തുടരുമെന്നാണ് ഡൽഹി മെട്രോ അധികൃതർ ആദ്യം അറിയിച്ചിരുന്നതെങ്കിലും, ചീഫ് ജസ്റ്റിസിന്റെ ശക്തമായ ഇടപെടലോടെ സ്റ്റേഷനുകൾ ഉടൻ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
