തിരുവനന്തപുരം: ∙ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ചിത്രങ്ങൾ മോശമായി പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കൂടുതൽ എഫ്ഐആറുകൾ റജിസ്റ്റർ ചെയ്യും. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനാണ് ഒന്നാം പ്രതി. മെഡിക്കൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഇരുപതിലേറെ ഇരകളുണ്ടെന്നു പൊലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴു പേരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എബേൽ അഗസ്റ്റിനെ ഇന്നു വീണ്ടും ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ചൂഷണത്തിന്റെ കൂടുതൽ വിവരം പുറത്തായത്. എബേലിന്റെ നവമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കും.
എബേൽ അഗസ്റ്റിനെ മെഡിക്കൽ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്പെൻഷൻ എന്ന് പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു. പ്രതി ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽനിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് നൂറോളം വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ഐടി ആക്ടിലെയും ബിഎൻഎസിലെയും ബാധകമായ വകുപ്പുകൾ ചേർത്താണ് റിമാൻഡ് റിപ്പോർട്ട് കോടതിയിൽ നൽകിയതെന്നും കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും എസിപി പറഞ്ഞു. ബിഎൻഎസ് പ്രകാരം ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ ആദ്യം അറസ്റ്റിലേക്കു കടക്കാതെ നോട്ടിസ് നൽകി വിളിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഈ കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും എസിപി പറഞ്ഞു.
