നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ ക്രമക്കേടുകളും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെ തകർക്കുന്നതാണെന്നും അതിനെതിരെ പ്രതിഷേധിച്ച പാവം വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ വെച്ച് പോലീസും രാഷട്രീയ ഗുണ്ടകളും ചേര്‍ന്ന് നടത്തിയ നീചമായ വേട്ടയാടലില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ബഹ്റൈനിലെ ഇടത്പക്ഷ പുരോഗമന കൂട്ടായ്മയായ എൽ.ഡി.എഫ് ബഹ്റൈന്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാർ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. പതിനാലോളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ അനീതിയുടെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടു. തുടർച്ചയായി ഉയരുന്ന ഇത്തരം ക്രമക്കേടുകൾ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തോടുള്ള വിശ്വാസം തന്നെ തകർക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.ഈ ഗുരുതരമായ വിഷയങ്ങളിൽ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികളും യുവജനങ്ങളും ഡൽഹിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച സമരങ്ങളെ അടിച്ചമർത്താൻ ഭരണകൂടം സ്വീകരിച്ച നടപടികൾ അത്യന്തം പ്രതിഷേധാർഹമാണ്.
സമരക്കാര്‍ക്കെതിരെ അമിത ബലപ്രയോഗം നടത്തുകയും, വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും ക്രൂരമായി നേരിടുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത സ്ത്രീകളോടും വിദ്യാർത്ഥിനികളോടും മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയെന്ന ആരോപണങ്ങളുയരുന്നത് ജനാധിപത്യാവകാശങ്ങൾക്കു നേരെയുള്ള കടുത്ത വെല്ലുവിളിയാണ്.സമരങ്ങൾക്ക് പിന്തുണ അറിയിക്കാനെത്തിയ സാമൂഹിക പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ബലപ്രയോഗത്തിലൂടെ തടയുകയും അപമാനിക്കുകയും ചെയ്ത നടപടികൾ ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല.
വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായ പരാജയങ്ങൾ മറച്ചുവെക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുമുള്ള ശ്രമമായി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശമാണ്.
ആ അവകാശത്തെ പൊലീസ് സംവിധാനത്തെയും ഭരണകൂട ശക്തിയെയും ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ബഹ്റൈൻ എൽഡിഎഫ് ശക്തമായി അപലപിക്കുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പ്രതിഷേധക്കാരെതിരെ നടന്ന അമിത ബലപ്രയോഗവും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ശിക്ഷാര്‍ഹമായ നടപടി സ്വീകരിക്കണമെന്നും ,
രാജ്യത്തിന്റെ ഭാവിസ്വപ്നങ്ങളായ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർക്കുകയും, അവരുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.
വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ ജനാധിപത്യ പോരാട്ടങ്ങൾക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഈ അവകാശ പോരാട്ട സമരങ്ങള്‍ക്ക് പിന്തുണയുമായി സമുഹത്തിന് മുന്നിലെത്തിയ സിനിമാ താരങ്ങളും പ്രമുഖരുമായ പ്രകാശ്രാജ്, വിസ്മയ മോഹന്‍ലാല്‍, പാര്‍വ്വതി തെരുവോത്ത്,കുഞ്ചാക്കോ ബോബന്‍, വേടന്‍, രഞ്ജിനി ഹരിദാസ്, ഋത്വിക് റോഷന്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് ,അങ്ങിനെ ഇതിനെ തൊട്ടറിഞ്ഞു കൂടെയുണ്ടെന്ന് പറഞ്ഞ മുഴുവന്‍ കലാ സാമൂഹിക സാംസ്കരിക രാഷ്ട്രീയ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും അവര്‍ക്കെല്ലാം ഐക്യ ദര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഇന്ത്യയിലെ പൊരുതുന്ന യുവതയോട് ബഹ്റൈനിലെ ഇടത് കൂട്ടായ്മ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.
