ന്യൂഡൽഹി: സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്തകൾ നിഷേധിച്ച് അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ്. ഇതിനായി നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് കമ്പനി വ്യക്തമാക്കി. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് വിമാനത്താവള ഉടമസ്ഥതയോ ഓഹരിയോ ഉള്ള കമ്പനികൾക്ക് വിമാന സർവീസ് നടത്തുന്ന കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി പങ്കാളിത്തം വെയ്ക്കാൻ അനുമതിയില്ല.
മുംബൈ വിമാനത്താവള കമ്പനിയിൽ അദാനി ഗ്രൂപ്പിന് നിലവിൽ 74% ഓഹരി പങ്കാളിത്തമുണ്ട്. കൂടാതെ തിരുവനന്തപുരം, മംഗളൂരു, അഹമ്മദാബാദ്, ജയ്പൂർ ഉൾപ്പെടെ എട്ടോളം പ്രമുഖ വിമാനത്താവളങ്ങളുടെ മാനേജ്‌മെന്റ് ചുമതല വഹിക്കുന്നത് അദാനി എയർപോർട്ട് ഹോൾഡിങ്സാണ്. വിമാനത്താവളം നടത്തുന്നവർ തന്നെ വിമാന സർവീസിലേക്കും വരുന്നത് കടുത്ത താൽപ്പര്യവൈരുദ്ധ്യത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് ഔദ്യോഗിക വിശദീകരണം നൽകിയത്.
ഇന്ത്യൻ വ്യോമയാന മേഖലയുടെ 90 ശതമാനം വിപണിവിഹിതവും നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നീ പ്രമുഖ കമ്പനികളുടെ കൈകളിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ജെറ്റ് എയർവേയ്‌സ്, ഗോ എയർലൈൻസ് എന്നിവ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ കമ്പനികൾക്ക് വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ‘അദാനി എയർലൈൻസ്’ വരുന്നത് വലിയ മത്സരത്തിന് വഴിവെക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

