ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾ വിജയകരമായതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി സി.ജെ.പി നേതാക്കൾ നടത്തിയ മൂന്നാം ഘട്ട ചർച്ചയിലാണ് തീരുമാനമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു മുൻപത്തെ ചർച്ചകൾ തടസ്സപ്പെട്ടിരുന്നത്. എന്നാൽ ഇന്നത്തെ ചർച്ചയ്ക്ക് മുൻപായി അദ്ദേഹം രാജിവെച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത എല്ലാ കേസുകളും കേന്ദ്രസർക്കാർ പിൻവലിക്കും. ഭാവിയിൽ ഇവർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സി.ജെ.പി മുന്നോട്ടുവെച്ച പരിഷ്കാരങ്ങളിൽ തുടർചർച്ചകൾ നടത്താൻ കേന്ദ്ര സർക്കാർ സമ്മതിച്ചു. തുടർന്ന് സംയുക്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ വിശദീകരിച്ചത്. സമരം ലക്ഷ്യം കണ്ടെന്നും പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞുപോകണമെന്നും സി.ജെ.പി നേതാക്കൾ അഭ്യർത്ഥിച്ചു.
