തിരുവനന്തപുരം: പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം നികത്താനും പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ. മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്വത്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങൾ സർക്കാർ ഇനിയും പോർട്ടലിൽ ലഭ്യമാക്കും. ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമ്മിതികൾ, റോഡുകൾ, അണക്കെട്ടുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയുൾപ്പെടെ ഉൾപ്പെടുത്തും. വിവിധ വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യും. ഇതിനായി ജി.ഐ.എസ്. അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റർ മൊഡ്യൂൾ ഉൾപ്പെടുത്തി നിലവിലുള്ള ‘പ്ലാൻ സ്പേസ് 2’ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്ന സ്ഥലം, ഏജൻസികൾ, അനുമതി നൽകുന്ന അധികാരികൾ, ഫണ്ടിന്റെ സ്രോതസ്സ്, നിർമ്മാണ ഘട്ടങ്ങൾ എന്നിവയെല്ലാം പ്രൊജക്ട് രജിസ്റ്ററിൽ ഉണ്ടാകും.
ഗവൺമെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രി തയ്യാറാക്കും. സർക്കാരിന് കീഴിൽ 591 സ്ഥാപനങ്ങളുണ്ട്. 19,000 കോടിയോളം രൂപയാണ് ഇവയുടെ ശമ്പളയിനത്തിൽ ചെലവാകുന്നത്. പല കാലങ്ങളിലായി രൂപീകരിച്ച സ്ഥാപനങ്ങളിൽ പലതും ലക്ഷ്യം കൈവരിച്ചശേഷവും പ്രവർത്തനം തുടരുകയാണ്. ഇവയുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തുകയും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കുകയും ചെയ്യും. കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ സമഗ്രമായി അവലോകനംചെയ്ത് ഭേദഗതി വരുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം കൊണ്ടു വരും. സംരംഭകർക്ക് കേരള സർക്കാരുമായുള്ള ഇടപാടുകൾ ലളിതമാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവൽകരിക്കുന്ന സംസ്ഥാനതല പ്രോസസ്സ് റീ-എൻജിനീയറിങ് പരിപാടിയാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവന നടപടികൾ കൂടുതൽ ലളിതമാക്കും. കേന്ദ്ര ലേബർ കോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളുമായും സംസാരിക്കുമെന്നും അതിനുശേഷം മാത്രമേ തുടർതീരുമാനങ്ങളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.
