ചെന്നൈ: സർക്കാർ ബസുകളിലെ യാത്രക്കാർ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സർക്കാർ. പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ് ഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേട്ടും റീൽസ് കണ്ട് മറ്റ് യാത്രക്കാർ ബുദ്ധിമുട്ടാക്കുന്നവർക്ക് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സർക്കാരിന്റെ നടപടി. നിയമലംഘകരിൽ നിന്ന് ആയിരം രൂപ വരെ പിഴയിടാക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. യാത്രയ്ക്കിടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ മൊബൈൽ ഉപയോഗിക്കരുതെന്നും യാത്രക്കാർ മൊബൈൽ ഉപയോഗിക്കുന്നവർ ഹെഡ്ഫോൺ ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ 20,000ത്തോളം വരുന്ന സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ബസുകളിൽ മൂന്ന് മുന്നറിയിപ്പ് സ്റ്റിക്കറുകൾ സ്ഥാപിക്കും. യാത്രക്കാർ ബസിൽ എങ്ങനെ മൊബൈൽ ഫോൺ ഉപയോഗിക്കണമെന്നത് അതിൽ നിർദേശിക്കും. സഹയാത്രികരെ ബഹുമാനിക്കണമെന്നും ശാന്തമായ അന്തരീക്ഷം സുരക്ഷിതയാത്രയ്ക്ക് അനിവാര്യമാണെന്ന് സന്ദേശവും ഈ സ്റ്റിക്കറിൽ ഉണ്ടാകും. ബസിൽ ഉറക്കെ പാട്ടുവെക്കുന്നതിനും വിലക്കുണ്ട്. ബസ് ജീവനക്കാർ ഡ്യൂട്ടി സമയത്ത് ഈ മാർഗനിർദേശങ്ങൾ യാത്രക്കാർക്ക് വിശദീകരിച്ചു നൽകണമെന്നും, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന സന്ദർഭങ്ങളിൽ ഉടനടി ഇടപെടണമെന്നും ഗതാഗത സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. നിരവധി യാത്രക്കാർ സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു.
യാത്രയ്ക്കിടെ ആളുകൾ മൊബൈൽ ഫോണിൽ ദീർഘനേരം ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ടുകൾ ഉറക്കെ വെക്കുമ്പോഴും കേട്ടിരിക്കുകയല്ലാതെ മറ്റ് വഴിയില്ലാതാകുന്നു. തിരക്കുള്ള യാത്രകളിൽ ഇത് വലിയ ബുദ്ധിമുട്ടാണ്. സർക്കാരിന്റെ ഈ തീരുമാനം സ്വാഗതാർഹമാണെന്നാണ് യാത്രക്കാരുടെ പ്രതികരണം.
