തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടി പ്രാഥമിക അന്വേഷണം നടത്തി പിഴവുണ്ടായി എന്ന് വ്യക്തമായതിനു ശേഷമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിച്ചതിലാണ് ഉദ്യോഗസ്ഥ വീഴ്ച. നിലവിലുള്ള എഫ്ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പിഎസ്സി ഉദ്യോഗസ്ഥര്‍ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ പിഎസ്സി ആസ്ഥാനത്ത് എത്തിയ എസ്ഐടി സംഘം രേഖകള്‍ വിശദമായി പരിശോധിക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 54 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് മൂല്യനിര്‍ണയം നടത്താത്തതെന്ന കാര്യമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് കെ.ശ്യാം കൃഷ്ണന് എന്ന ഉദ്യോഗാര്‍ഥി നല്കിയ പരാതിയാണ് അന്വേഷണത്തിലേക്കു നയിച്ചത്. ശ്യാം കൃഷ്ണനു രേഖകള്‍ കൈമാറാന്‍ വിവരാവകാശ കമ്മിഷന് ഉത്തരവിട്ടെങ്കിലും പിഎസ്സി വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് എസ്ഐടിയെ ചുമതലപ്പെടുത്തിയത്.
