ഇനി ബിരിയാണി ഇല്ല, കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ മെനു വെട്ടിച്ചുരുക്കി

  • Home-FINAL
  • Kerala
  • ഇനി ബിരിയാണി ഇല്ല, കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ മെനു വെട്ടിച്ചുരുക്കി

ഇനി ബിരിയാണി ഇല്ല, കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ മെനു വെട്ടിച്ചുരുക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ച് പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയിരുന്ന വിഭവസമൃദ്ധമായ മെനു വെട്ടിച്ചുരുക്കി, കൂടുതൽ ലളിതമായ ഭക്ഷണക്രമമാണ് നിലവിലുള്ള സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ മുൻപ് നൽകിയിരുന്ന വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി തുടങ്ങിയ പ്രത്യേക വിഭവങ്ങൾ ഇനിമുതൽ സ്കൂളുകളിൽ ലഭിക്കില്ല. പുതിയ സർക്കുലർ അനുസരിച്ച് ചോറും രണ്ട് കറികളും മാത്രമായിരിക്കും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ക്യാബേജ് തോരൻ, സാമ്പാർ, ചീരതോരൻ, പരിപ്പുകറി, ചെറുപയർ തോരൻ, കോവക്ക തോരൻ തുടങ്ങിയ പത്ത് ലളിതമായ വിഭവങ്ങളാണ് മാതൃകാ മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സാധനങ്ങളുടെ കടുത്ത വിലക്കയറ്റവും ഫണ്ടിന്റെ പരിമിതിയുമാണ് ഇത്തരം ഒരു മാറ്റത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ അഞ്ചാം ക്ലാസ് വരെയുള്ള ഒരു കുട്ടിക്ക് പ്രതിദിനം 6.19 രൂപയും, ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടിക്ക് 9.11 രൂപയുമാണ് ഭക്ഷണത്തിനായി അനുവദിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ തുകയ്ക്ക് ചോറും കറിയും പോലും നൽകാൻ പ്രയാസമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ മെനു വെട്ടിച്ചുരുക്കുമ്പോൾ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കൂടുതൽ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ചെന്നൈയിലെ സ്കൂളുകളിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹൻ അറിയിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് നടപ്പിലാക്കും. കൂടാതെ, നിലവിലുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി സെപ്റ്റംബർ മുതൽ കൂടുതൽ കുട്ടികളിലേക്ക് വ്യാപിപ്പിക്കാനും തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Leave A Comment