ജീവിക്കുന്ന വർഷമല്ല, വർഷിക്കുന്ന ജീവിതമാണ് പ്രധാനം. ശിഹാബ് തങ്ങൾ മാതൃകാ നേതാവ്: ശരീഫ് കുറ്റൂർ

  • Home-FINAL
  • Business & Strategy
  • ജീവിക്കുന്ന വർഷമല്ല, വർഷിക്കുന്ന ജീവിതമാണ് പ്രധാനം. ശിഹാബ് തങ്ങൾ മാതൃകാ നേതാവ്: ശരീഫ് കുറ്റൂർ

ജീവിക്കുന്ന വർഷമല്ല, വർഷിക്കുന്ന ജീവിതമാണ് പ്രധാനം. ശിഹാബ് തങ്ങൾ മാതൃകാ നേതാവ്: ശരീഫ് കുറ്റൂർ


ജീവിക്കുന്ന വർഷങ്ങളുടെ എണ്ണമല്ല സമൂഹത്തിന് വർഷിക്കുന്ന ജീവിതമാണ് പ്രധാനമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും, മലപ്പുറം ജില്ല പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ അംഗവും കൂടിയായ ശരീഫ് കുറ്റൂർ പറഞ്ഞു.കെഎംസിസി ബഹ്റൈൻ മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “തങ്ങളോരം” ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പക്വതയാർന്ന നേതൃമികവിലൂടെ പതിറ്റാണ്ടുകളോളം മതേതര കേരളത്തിന് വഴികാട്ടിയായിരുന്ന ശിഹാബ് തങ്ങൾ, ശബ്ദകോലാഹലങ്ങൾ പൊതുമണ്ഡലത്തെ കീഴടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ നിശ്ശബ്ദതയിലൂടെയും സൗമ്യതയിലൂടെയും സമാധാനത്തിന്റെ സന്ദേശം പകർന്ന മഹാനുഭാവന നായിരുന്നുവെന്ന് ശരീഫ് കുറ്റൂർ പറഞ്ഞു.ശിഹാബ് തങ്ങളുടെ വിയോഗം സൃഷ്ടിച്ച വിടവ് ഇന്നും നികത്തപ്പെടാത്ത വേദനയായി സമൂഹത്തിൽ അവശേഷിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദവികൾ കൊണ്ടല്ല, ആദർശവിശുദ്ധിയും മാനുഷിക മൂല്യവും കൊണ്ടാണ് ശിഹാബ് തങ്ങൾ ഉയർന്നുനിന്നതെന്നും അദ്ദേഹം ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കി.

തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയം, വിട്ടുവീഴ്ചയില്ലാത്ത ആദർശനിഷ്ഠ,സൗമ്യമായ പെരുമാറ്റം, പാരമ്പര്യത്തിൽ ഉറച്ചുനിന്ന മതേതര കാഴ്ചപ്പാട് എന്നിവ ഒത്തുചേർന്ന അപൂർവ വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രൂക്ഷമായ രാഷ്ട്രീയ വിയോജിപ്പുകൾ നിലനിന്നിരുന്ന സാഹചര്യങ്ങളിലും എതിർപക്ഷ നേതാക്കൾക്കുപോലും സർവസ്വീകാര്യനായ രാഷ്ട്രതന്ത്രജ്ഞനെന്ന അംഗീകാരം നേടിയ നേതാവായിരുന്നു ശിഹാബ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, മനു മാത്യു എന്നിവർ ആശംസകൾ നേർന്നു.

സംസ്ഥാന ഭാരവാഹികളായ റഫീഖ് തോട്ടക്കര, എൻ കെ അബ്ദുൽ അസീസ്, സഹീർ കട്ടമ്പള്ളി, അഷ്റഫ് കക്കണ്ടി, ഫൈസൽ കണ്ടിതാഴ എന്നിവർ നേതൃത്വം നൽകി. കെ.പി. മുസ്തഫ സ്വാഗതവും ഫൈസൽ കോട്ടപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

Leave A Comment