ഹെലികോപ്റ്റർ യാത്ര, പ്രളയ ദുരിതാശ്വാസം; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

  • Home-FINAL
  • Business & Strategy
  • ഹെലികോപ്റ്റർ യാത്ര, പ്രളയ ദുരിതാശ്വാസം; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഹെലികോപ്റ്റർ യാത്ര, പ്രളയ ദുരിതാശ്വാസം; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ താൻ ഭക്ഷണം കഴിച്ചു എന്ന പേരിൽ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾ അതീവഹീനവും മര്യാദകേടുമാണെന്ന് മുഖ്യമന്ത്രി. രാവിലെ അഞ്ചു മണി മുതൽതന്നെ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടർമാരെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും എല്ലാ മന്ത്രിമാരും എംഎൽഎമാരും സ്ഥലത്തുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മണിക്കാണ് താൻ ഭക്ഷണം കഴിച്ചെതന്നും അദ്ദേഹം വ്യക്തമാക്കി. 2018-ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു. ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ മൂന്നു മണിക്കൂർ കൂടുമ്പോഴും തന്റെ ഓഫീസിൽനിന്ന് വിവരങ്ങൾ കൈമാറുന്നുണ്ട്‌. റവന്യൂ മന്ത്രി രണ്ട് തവണ ബ്രീഫിങ് നടത്തി. എന്നാൽ, ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങൾ കാണാതെ താൻ ഭക്ഷണം കഴിച്ചത് മാത്രം വാർത്തയാക്കുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. താൻ മുൻപ് 75,000-ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിക്കുകയും സാധനങ്ങൾ മാർക്കറ്റിൽനിന്ന് കടം വാങ്ങിപ്പോലും ജനങ്ങളെ സഹായിക്കുകയും ചെയ്തിട്ടുള്ള ആളാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏരിയ സെക്രട്ടറിമാരെ കൊണ്ട് സ്വന്തം പേര് പൊക്കി പറയിപ്പിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ വിലയിരുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ദുരന്തകാലത്ത് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാനായിരുന്നു വാർത്താ സമ്മേളനങ്ങൾ നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.

പ്രളയക്കെടുതിക്കിടയിൽ ദുരിതാശ്വാസ ക്യാമ്പുകളെ സംബന്ധിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനെതിരെയും മുഖ്യമന്ത്രി സംസാരിച്ചു. ആറന്മുളയിലെ ഒരു ക്യാമ്പിൽ സൗകര്യങ്ങൾ കുറവാണെന്ന് ഒരു സ്ത്രീ മാധ്യമങ്ങളോട് പരാതി പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഏരിയ സെക്രട്ടറിയുടെ നിർബന്ധത്തിന് വഴങ്ങിയാണെന്നും, പിന്നീട് ആ സ്ത്രീ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഒരു ക്യാമ്പിലും യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും നാട് വലിയൊരു ദുരന്തത്തെ നേരിടുമ്പോൾ ഇത്തരം കുത്തിത്തിരിപ്പുകൾ ഉണ്ടാക്കി ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.താൻ ഹെലികോപ്റ്റർ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും കൊച്ചിയിലെത്തിയ ഒരു ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കാണാനാണെന്നും അദ്ദേഹം വിശദീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടശേഷം കൊച്ചിയിലെത്തിയ ഈ സംഘത്തിന് ഞായറാഴ്ച ഡൽഹിയിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാൻ തമിഴ്‌നാട് ശ്രമിക്കുന്നതിനിടയിൽ താൻ അവരെ കാണാതിരിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വന്ദേ ഭാരതിന് പോകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സമയക്കുറവ് മൂലമാണ് പ്ലാൻ മാറ്റിയത്.

ഹെലികോപ്റ്റർ ഉപയോഗിച്ചതിലൂടെ സർക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി 25 മണിക്കൂർ സൗജന്യമായി പറക്കാൻ കരാറുള്ള ഹെലികോപ്റ്ററാണ് താൻ ഉപയോഗിച്ചത്. ഈ 25 മണിക്കൂർ ഉപയോഗിച്ചില്ലെങ്കിലും സർക്കാരിന് 80 ലക്ഷം രൂപ നൽകേണ്ടതുണ്ട്.

Leave A Comment