തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ രാജ്യത്തിന് മാതൃകയായ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഏറ്റവും ആധുനികമായ രീതിയിൽ കാലാവസ്ഥ നിരീക്ഷിക്കുകയും മുന്നറിയിപ്പ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഫ്ലഡ് മാപ്പിങ് നടത്തി ഫലപ്രദമായ സിസ്റ്റം കൊണ്ടുവരും. ഡാമുകളിൽ മണലും ചെളിയും അടിഞ്ഞിരിക്കുന്നത് നീക്കം ചെയ്യും. നദികളിലെ മാലിന്യങ്ങളും മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിന് റവന്യു, ജലസേചന വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴ മാറുന്ന ഉടനെ ഇവ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രളയസാധ്യതകൾ ശാശ്വതമായി കുറയ്ക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നദികളിലും സമഗ്രമായ ലാൻഡ് ഓഡിറ്റിങ് നടത്തും. പുഴകളിലെ കയ്യേറ്റങ്ങൾ കണ്ടെത്താനും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് മണ്ണിട്ട് നികത്തിയ ഇടങ്ങൾ തിരിച്ചറിയാനും ഇതിലൂടെ ലക്ഷ്യമിടുന്നു. നദികളെയും കൈവഴികളെയും പൂർവ്വസ്ഥിതിയിലാക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾ ആവർത്തിക്കുമെന്ന തിരിച്ചറിവിൽ, ഫ്ലഡ് മാപ്പിങ് ഉൾപ്പെടെയുള്ള നടപടികൾ നടപ്പിലാക്കും.
ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക്, ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക്, ക്യാച്ച്മെന്റ് ഏരിയയിൽ പെയ്യുന്ന മഴയുടെ അളവ്, മഴ പെയ്യാനുള്ള സാധ്യത, നദീ തീരങ്ങളിലെ വെള്ളത്തിന്റെ തോത് ഇവയെല്ലാം ബന്ധിപ്പിക്കുന്നതാണ് ഡാം മാനേജ്മെന്റ്. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് എഐ ഡ്രിവൺ സംവിധാനം കൊണ്ടുവരുമെന്നും ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ആക്ഷേപത്തിൽ ബന്ധപ്പെട്ട മന്ത്രി വിശദീകരണം നൽകുകയും തെറ്റുപറ്റിയതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി അത് വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി മികച്ച രീതിയിലാണ് നടപ്പിലാക്കിയതെന്നും ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി നന്നായി അവിടെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടനാട് എംഎൽഎയുടെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. പരാതികൾ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ നടക്കുന്നുണ്ടെന്നും കുട്ടനാട് എംഎൽഎ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗം നടക്കുന്ന സമയത്താണ് എംഎൽഎ വിളിച്ചെതെന്നും അതിനാലാണ് ഫോൺ എടുക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎയെ അവലോകനയോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. അവലോകന യോഗങ്ങളിൽ എംഎൽഎമാരെ ക്ഷണിച്ചിരുന്നില്ലെന്നും കുറച്ചുപേർ വന്നുവെന്ന് മാത്രമാണെന്നുമായിരുന്നു മറുപടി.
