കൊച്ചി: താരസംഘടന ‘അമ്മ’യിൽ ശ്വേത മേനോൻറെ നേതൃത്വത്തിൽ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങൾ രംഗത്ത്. ജനറൽ ബോഡിയിൽ രാജി സമർപ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരിൽ പ്രവർത്തനം നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാൻ തയാറായില്ല. സംഘടനയിൽ വീണ്ടും പ്രവർത്തനം സജീവമാക്കാൻ ശ്വേതയുടെ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്. വനിതാ താരങ്ങളുടെ ‘പെൺമക്കൾ’ എന്ന വാട്സാപ്പ് ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ഓണക്കിറ്റ് നൽകുന്നതിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രമേഷ് പിഷാരടിക്ക് അഡ്ഹോക്ക് കമ്മിറ്റിയിൽ തുടരാൻ സാധിക്കില്ലെന്ന് കോടതി ഉത്തരവിട്ടെങ്കിലും ശ്വേത മേനോന് തുടരാൻ അനുമതിയുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് അവർ ഓഫീസിൽ കയറിയിരിക്കുന്നതെന്ന് നടി ഉഷ ഹസീന ആരോപിച്ചിരുന്നു. ഈ മാസം 11ന് ആണ് അഡ്ഹോക് കമ്മിറ്റിക്കെതിരെ ശ്വേത നൽകിയ ഹർജി കോടതി പരിഗണിക്കാനിരിക്കുന്നത്. അതിനിടെ സംഘടനയിൽ രജിസ്ട്രാർ ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രജിസ്ട്രാറെ സമീപിച്ചിരുന്നു.
