കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന ടി.ഐ. മധുസൂദനനെ മാറ്റാതിരുന്നത് രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കാതിരിക്കാനാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥിയെ മാറ്റിയാൽ ആ ആരോപണങ്ങൾ ശരിയാണെന്ന് പ്രചരിപ്പിക്കാൻ എതിരാളികൾക്ക് അവസരം ലഭിക്കുമായിരുന്നു.
പുകമറകൾ സൃഷ്ടിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചപ്പോൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ സമയമില്ലാത്തതിനാലാണ് സ്ഥാനാർഥിയെ മാറ്റാതിരുന്നതെന്നും ഇത് ആരോപണങ്ങൾ ശരിയാണെന്നതിന്റെ അർത്ഥമല്ലെന്നും അദ്ദേഹം പയ്യന്നൂരിൽ പറഞ്ഞു. ജൂലായ് മാസത്തിൽ ഒരു ഷെഡ് പൊളിച്ചു തീയിട്ടു എന്ന് പറഞ്ഞുകൊണ്ട് പാർട്ടിയെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിലെ സി.പി.എമ്മിന് അത്തരം രീതിയിൽ പണിയെടുക്കണമെന്നുണ്ടെങ്കിൽ വെറുമൊരു ഷെഡ് മാത്രമല്ല, അതിന്റെ അടിയിലുള്ളതും മാന്തിയെടുക്കാൻ ശേഷിയുള്ള പ്രസ്ഥാനമാണതെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഒരു തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതുകൊണ്ട് പയ്യന്നൂരിലെ പാർട്ടി അങ്ങ് ഒലിച്ചുപോയി എന്ന് ആരും ധരിക്കേണ്ടതില്ലെന്നും രാകേഷ് പറഞ്ഞു.
