പൊലീസിനെ വെല്ലുവിളിക്കുന്ന റീൽസ് നായകന്മാർക്കെതിരെ എഡിജിപി പി. വിജയൻ

  • Home page
  • Business & Strategy
  • പൊലീസിനെ വെല്ലുവിളിക്കുന്ന റീൽസ് നായകന്മാർക്കെതിരെ എഡിജിപി പി. വിജയൻ

പൊലീസിനെ വെല്ലുവിളിക്കുന്ന റീൽസ് നായകന്മാർക്കെതിരെ എഡിജിപി പി. വിജയൻ


തിരുവനന്തപുരം: അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസ് വെറുതെ കറങ്ങുകയല്ല ചെയ്തതെന്നും, പൊലീസിനെ പേടിച്ച് അവനാണ് പല ദിശകളിലേക്ക് ഓടിപ്പോയതെന്നും എഡിജിപി പി. വിജയൻ അറിയിച്ചു. സംസ്ഥാന ഇന്റലിജൻസിന്റെയും ലോക്കൽ പൊലീസിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കണ്ണൂരിൽ വെച്ച് ആയങ്കിയുടെ അറസ്റ്റ് സാധ്യമായത്. കേസുകളെല്ലാം ഓരോന്നായി പരിശോധിച്ച ശേഷമേ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. കണ്ണൂരിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആയങ്കിയെ കൊച്ചിയിലേക്ക് കൊണ്ടുപോകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലൈക്ക് അടിച്ചവർക്കും കമന്റ് ചെയ്തവർക്കും എതിരെ പൊലീസ് നടപടിയുണ്ടാകും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കുപ്രസിദ്ധ കുറ്റവാളികളുടെ ലിസ്റ്റ് തയാറാക്കി പൊലീസ് നടപടികൾ പ്ലാൻ ചെയ്യുന്ന സമയത്താണ് ആയങ്കിയുടെ വെല്ലുവിളിയുണ്ടായത്. ഇതിന്റെ ഭാഗമായി ആയങ്കിയുടെ കൂട്ടാളികളടക്കം 55 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാളുകൊണ്ട് ജന്മദിന കേക്ക് മുറിച്ച് സോഷ്യൽ മീഡിയയിൽ റീൽസ് പങ്കുവെക്കുന്നവരുടെ ‘ഷോ’ ഇതോടെ അവസാനിപ്പിക്കുമെന്ന് എഡിജിപി മുന്നറിയിപ്പ് നൽകി. ചില ഗുണ്ടകൾക്ക് പിന്നിലുള്ള വരുമാന സ്രോതസ്സുകളും സ്പോൺസർമാരെയും കുറിച്ച് അന്വേഷണം നടക്കുകയാണ്. ഒരു ആയങ്കിയും ഇനി ഉണ്ടാവരുത്: ആയങ്കിക്ക് ലഭിച്ച ഹീറോ പരിവേഷം താൽക്കാലികം മാത്രമാണ്. പൊലീസിനെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കരുതെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദേശമുണ്ട്. ആയങ്കിയെ വെടിവെക്കാൻ പൊലീസ് ഉത്തരവിട്ടിട്ടില്ലെന്നും ഇനിയൊരു ആയങ്കിമാർ ഉണ്ടാകാതിരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും പി. വിജയൻ കൂട്ടിച്ചേർത്തു.

Leave A Comment