കൊച്ചി: ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വിവാദ പ്രസ്താവന നടത്തിയ സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറളായിയിലെ വസതിയിലെത്തിയാണ് വൈകിട്ട് നാലുമണിയോടെ പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തെ രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മോഹൻദാസിനെ ചോദ്യം ചെയ്യുകയും വിവാദ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പത്തു ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെക്കുറിച്ച് താനായിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് വെടിവച്ചു കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. കൂടാതെ, സമരസ്ഥലത്തുള്ളവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന രീതിയിലുള്ള ഗുരുതരമായ അധിക്ഷേപങ്ങളും വീഡിയോയിലൂടെ നടതതുകയുണ്ടായി. ഇതേത്തുടർന്ന് വ്യാപക പരാതി ഉയർന്നതോടെയാണ് സൈബർ പൊലീസ് കേസെടുത്തത്.അതേസമയം, പ്രസ്താവനകൾ വിവാദമായതോടെ ടി.ജി. മോഹൻദാസിനെ തള്ളി ആർ.എസ്.എസ് രംഗത്തെത്തിയിരുന്നു. അദ്ദേഹം ആർ.എസ്.എസിന്റെ ഒരു ഔദ്യോഗിക ചുമതലയും വഹിക്കുന്നില്ലെന്ന് പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.
