ബഹ്റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ഭാഗമായ ദി കോൺഫിഡൻസ് കഫേ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച ആഘോഷങ്ങളിൽ, വൈകീട്ട് മുതിർന്നവർക്കായി “രാജ്യസ്നേഹം: വാക്കുകളിലോ, പ്രവൃത്തിയിലോ?” എന്ന വിഷയത്തിൽ പ്രസംഗ മത്സരവും സംഘടിപ്പിച്ചു. ഇരുപതിലേറെ പേർ മാറ്റുരച്ച മത്സരത്തിൽ വിഷയത്തിലൂന്നിയ മികച്ച പ്രസംഗങ്ങളാണ് അരങ്ങേറിയത്.

സമാജത്തിന്റെ ചരിത്രത്തിലാദ്യമായി ഭിന്നശേഷിക്കാരിയായ ഒരു പെൺകുട്ടി പ്രസംഗമത്സരത്തിൽ പങ്കെടുത്തത് വേദിക്ക് വേറിട്ട അനുഭവമായി. പ്രഗത്ഭരായ മറ്റ് മത്സരാർത്ഥികളോടൊപ്പം തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രകടനം കാഴ്ചവെച്ച ചെസ്റ്റ് നമ്പർ 5 റിച്ചു പൊന്നു റോയി, കാണികളുടെയും വിധികർത്താക്കളുടെയും പ്രശംസ പിടിച്ചുപറ്റി. റിച്ചുവിന് പ്രചോദനമെന്ന നിലയിൽ പ്രത്യേക ജൂറി പുരസ്കാരവും സമ്മാനിച്ചു. പ്രദീപ് പുറംകര, സജി മാർക്കോസ്, ബോണി എന്നിവരായിരുന്നു പ്രസംഗ മത്സരത്തിലെ വിധിനിർണ്ണയ സമിതി അംഗങ്ങൾ.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമാജം ആക്ടിങ് പ്രസിഡന്റ് രവികുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. കവിയും എഴുത്തുകാരനുമായ മനോജ് കളരിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അദ്ദേഹത്തിന് സമാജത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, ദേശഭക്തി നൃത്തങ്ങൾ, സമാജം അംഗമായ രാജേഷിന്റെ സാക്സോഫോൺ വായന എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടി. പ്രസംഗവേദി ജോയിന്റ് കൺവീനർ ജിബി കളീക്കൽ ആശംസകൾ അറിയിക്കുകയും, പ്രോഗ്രാം കൺവീനർ ജോയി പോളി നന്ദി പറയുകയും ചെയ്തു. പരിപാടികളുടെ പൂർണ്ണ നിയന്ത്രണം ഷിബു ജോൺ നിർവ്വഹിച്ചു.
മത്സര വിജയികൾ:
- ഒന്നാം സ്ഥാനം മുജീബ് റഹ്മാൻ (ചെസ്റ്റ് നം. 10)
- രണ്ടാം സ്ഥാനം ജേക്കബ് മാത്യു (ചെസ്റ്റ് നം. 9)
- മൂന്നാം സ്ഥാനം അശോക് ശ്രീശൈലം (ചെസ്റ്റ് നം. 7)
- സ്പെഷ്യൽ പ്രൈസ് റിച്ചു പൊന്നു റോയി (ചെസ്റ്റ് നം. 5)
