കൊച്ചി: കോതമംഗലം മാർ അതനേഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയായ അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പുവിന്റെ (21) മരണത്തിൽ കോളജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ.ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയായ മിച്ചിയെ കഴിഞ്ഞ ദിവസമാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. അരുണാചൽ പ്രദേശിൽനിന്ന് കേന്ദ്ര സ്കോളർഷിപ്പോടെ ഉന്നതപഠനത്തിനെത്തിയ മിച്ചി മാർപ്പുവിനെ ക്രെഡിറ്റ് കുറഞ്ഞതിനെത്തുടർന്നുണ്ടായ അക്കാദമിക് ‘ഇയർ ബാക്ക്’ മൂലമുള്ള മാനസിക വിഷമത്തെ തുടർന്നാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുദ്രാവാക്യം വിളികളുമായി വിദ്യാർഥികൾ കോളജ് ഗേറ്റിനു മുന്നിലാണ് പ്രതിഷേധിക്കുന്നത്. മുൻപ് നടന്ന ചർച്ചയിൽ മാനേജ്‌മെന്റ് വാക്കാൽ മാത്രമാണ് ഉറപ്പുകൾ നൽകിയതെന്നും എന്നാൽ രേഖാമൂലമുള്ള ഔദ്യോഗിക ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർഥികൾ പറയുന്നു. മരണത്തിന് ഉത്തരവാദിത്തപ്പെട്ടവർ അന്വേഷണം പൂർത്തിയാകുന്നത് വരെ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയർ ബാക്ക് സമ്പ്രദായം പിൻവലിക്കുന്നത് ഉൾപ്പെടെ വിദ്യാർഥികൾ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് മാനേജ്മെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം രേഖാമൂലം നൽകണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്. ഇന്നു രാവിലെ ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് മാനേജ്മെന്റ് ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗികമായ സീൽ ഇല്ലെന്നും കണ്ണിൽപ്പൊടിയിടാനുള്ള തന്ത്രമാണ് അധികൃതർ ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. കോളജ് അധികൃതർ തങ്ങളോട് സംസാരിക്കാൻ പോലും തയാറാകുന്നില്ലെന്നും അവർ പറയുന്നു.
കേരള സാങ്കേതിക സർവകലാശാല നിഷ്കർഷിക്കുന്ന ക്രെഡിറ്റ് മാർക്ക് പരിധി 18 ആയിരിക്കെ, സ്വയംഭരണ സ്ഥാപനമായ എംഎ കോളേജ് മാത്രം 22 ക്രെഡിറ്റ് മാനദണ്ഡം നിർബന്ധമാക്കിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് സഹപാഠികൾ ആരോപിക്കുന്നു. ഇത് നേടാൻ കഴിയാത്ത വിദ്യാർഥികൾ ഇയർ ബാക്ക് ആകുകയും പഠനവും ഹോസ്റ്റൽ സൗകര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതേസമയം, സർവകലാശാലാ തലത്തിൽ ഈ സംവിധാനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചിരുന്നതാണെന്ന് വിഷയം ശ്രദ്ധയിൽപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ ഇന്നലെ വ്യക്തമാക്കിയിരുന്നു.
