കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ കയ്യിൽ നിന്നും ഒളിപ്പിച്ച നിലയിൽ ഹാഷിഷ് പിടികൂടി. നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് സംശയം തോന്നി പൊലീസ് പരിശോധിച്ചതും രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി ലഹരി പിടികൂടിയതും. പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഇടമലയാർ കോടതി)യിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ഇന്നലെ വിചാരണയ്ക്കു ശേഷം ജയിലിലേക്ക് കൊണ്ടുപോകാൻ താഴേക്ക് ഇറങ്ങുമ്പോൾ ഷാഫി മുണ്ടിന്റെ മടിക്കത്ത് മടക്കിപ്പിടിച്ചിരിക്കുന്നത്ശ്രദ്ധയിൽപ്പെട്ട പൊലീസ് പരിശോധിച്ചപ്പോഴാണ് 6 ഗ്രാം ഹാഷിഷ് കണ്ടെടുത്തത്.
സംഭവം ഉടനടി വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് രാത്രി 7.35ഓടെ ദേഹപരിശോധന പൂർത്തിയാക്കി രാത്രി 10 മണിയോടെ ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. ഷാഫിയെ പിന്നീട് ജയിലിലേക്ക് മാറ്റി. ശുചിമുറിയിൽ പോയ സമയത്ത് രണ്ടു പേർ ഷാഫിക്ക് ഹാഷിഷ് കൈമാറി എന്നാണ് പൊലീസ് കരുതുന്നത്.