ന്യൂഡൽഹി: ഡൽഹിയിലെ ടിക്കിരി കലാനിൽ സിഎൻജി സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജീവനക്കാർക്ക് ദാരുണാന്ത്യം. ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണ് കൊല്ലപ്പട്ടവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പേരുവിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.
ടിക്കിരി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള പമ്പിൽ, റിഫില്ലിങ് ട്രക്കിൽനിന്ന് ഗ്യാസ് മാറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. സിഎൻജി നിറച്ചുകൊണ്ടിരിക്കെ സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
