കൊച്ചി: നെടുമ്പാശ്ശേരി യിൽ നിന്ന് യു.എ.ഇയിലെ ഫുജൈറയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകൾ വൈകിയതിനെ തുടർന്ന യാത്രക്കാർ പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാവിലെ 11 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.
വൈകുമെന്ന് തുടർച്ചയായി അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ ശനിയാഴ്ച പുലർച്ചെ 2.55 നാണ് വിമാനം പുറപ്പെട്ടത്. ശനി പുലർച്ചെ 12.25 ന് പോകേണ്ടിയിരുന്ന കൊച്ചി -ദുബൈ വിമാനം തിരിച്ചത് രാവിലെ 6.10 നാണ്.
ഫുജൈറയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിന്റെ യാത്രാസമയം പലതവണ റീ-ഷെഡ്യൂൾ ചെയ്തെങ്കിലും കൃത്യമായ കാരണം വ്യക്തമാക്കാൻ വിമാനക്കമ്പനി അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ പറഞ്ഞു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും എപ്പോൾ വിമാനം പുറപ്പെടുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയില്ല. കുട്ടികളും മുതിർന്നവരും അടക്കമുള്ള യാത്രക്കാർക്ക് ആവശ്യമായ വിശ്രമസൗകര്യങ്ങൾ പോലും അധികൃതർ ഒരുക്കി നൽകിയില്ലെന്നും പരാതിയുണ്ട്.
അപ്രതീക്ഷിതമായുണ്ടായ വിമാന സർവിസ് തടസ്സം മൂലം വിസ കാലവധി അവസാനിക്കാറായവരും അവധി കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടവരുമായ നിരവധി പ്രവാസികളാണ് ദുരിതത്തിലായത്.
