തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വഹിക്കുന്ന പദവിക്ക് നിരക്കുന്ന പരാമർശമായിരുന്നില്ല അതെന്നും തർക്കവിഷയങ്ങൾ തീർക്കേണ്ടത് ഉഭയകക്ഷി ചർച്ചയിൽ കൂടിയാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.ഉപനേതാവ് ആരെന്നത് സംബന്ധിച്ച് സ്പീക്കർക്ക് കത്തുനൽകേണ്ടത് താനാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. ‘കത്ത് കൊടുത്താൽ ഉപനേതാവ് വരും. കത്തിലെ പേര് സിപിഎം നേതാവിന്റെ പേരായിരിക്കും’ എന്നായിരുന്നു പിണറായി വിജയൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടി.
‘വിഷയത്തിൽ ഇപ്രകാരമൊരു രീതിയിൽ പിണറായി വിജയൻ പറയുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അഥവാ, അങ്ങനെ പറഞ്ഞുവെങ്കിൽ അദ്ദേഹം വഹിക്കുന്ന പദവിക്ക്, അദ്ദേഹത്തിന്റെ രാഷട്രീയ പക്വതയ്ക്ക് നിരക്കുന്ന ഒരു പ്രസ്താവന അല്ല അതെന്ന് പറയാൻ നിർബന്ധിതനാകും- ബിനോയ് വിശ്വം പറഞ്ഞു.
