ആംബുലൻസിൽ എംഡിഎംഎ കടത്തുന്ന മലയാളി ഉത്തർപ്രദേശിൽ പിടിയിൽ

  • Home page
  • India
  • ആംബുലൻസിൽ എംഡിഎംഎ കടത്തുന്ന മലയാളി ഉത്തർപ്രദേശിൽ പിടിയിൽ

ആംബുലൻസിൽ എംഡിഎംഎ കടത്തുന്ന മലയാളി ഉത്തർപ്രദേശിൽ പിടിയിൽ


തൃശ്ശൂർ: ആംബുലൻസിൽ കാൽക്കിലോ എം.ഡി.എം.എ. കടത്തിയ സംഭവത്തിൽ സൂത്രധാരൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന് സാഹസികമായാണ് ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (കല്ല് റിയാസ്- 37)നെ തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. മുൻപും എം.ഡി.എം.എ. കടത്തുകേസിൽ പ്രതിയായ ഇയാൾ ബെംഗളൂരുവിൽനിന്ന് പല മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എം.ഡി.എം.എ. കടത്താൻ നേതൃത്വം നൽകിയിട്ടുണ്ട്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവസ്തുക്കൾ എത്തിക്കുന്നതിന്റെ ഇടനിലക്കാരനായ ഇയാൾ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിക്കൊണ്ടാണ് ഇതിനു നേതൃത്വം നൽകിയിരുന്നത്. 150-ഓളം കാവൽജീവനക്കാരുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ കയറി അറസ്റ്റുചെയ്യുക പ്രായോഗികമല്ലെന്നതിനാൽ ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങിയ സമയംനോക്കിയാണ് അറസ്റ്റ് ചെയ്തത്.

മേയ് 26-ന് വാണിയമ്പാറയിൽവെച്ച് ആംബുലൻസിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ. പിടികൂടിയതോടെയാണ് ഇയാളിലേക്കുള്ള വഴിതുറന്നത്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരുടെ മൊഴിയിൽനിന്നാണ് ഇയാളെക്കുറിച്ച് സൂചന ലഭിക്കുന്നത്. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന സൂചനകിട്ടിയ റിയാസ് ബെംഗളൂരുവിൽനിന്ന് കടന്നു. മൊബൈൽഫോൺ ഉപയോഗിക്കാതെ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. അറസ്റ്റുചെയ്ത റിയാസിനെ ഉത്തർപ്രദേശിലെ കോടതിയിൽ ഹാജരാക്കി.

Leave A Comment