ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (SNCS) സംഘടിപ്പിക്കുന്ന 2026-ലെ ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകുന്നേരം 8:00 മണിക്ക് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിലും തുടർന്ന് നടന്ന കലാപരിപാടികളിലും വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.എസ്.എൻ.സി.എസ് അംഗങ്ങൾ ആലപിച്ച ദൈവദശകത്തോടെയും, ഗഗന, ആത്മിക, നിരഞ്ജന, നക്ഷത്ര എന്നിവർ അവതരിപ്പിച്ച പൂജാ നൃത്തത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. പൊതുസമ്മേളനത്തിൽ എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം ആശംസിച്ചു. സംഘടന ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ പമ്പാവാസൻ നായരെ ആദരിക്കുകയും, അദ്ദേഹം ഉദ്ഘാടന പ്രസംഗം നടത്തുകയും ചെയ്തു.

ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സെക്രട്ടറി സംഗീത ഗോകുൽ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് നടന്ന സാംസ്കാരിക സന്ധ്യയിൽ കുട്ടികളുടെ വിവിധ നൃത്തങ്ങൾ, വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, യുവാക്കൾ അവതരിപ്പിച്ച പുലിക്കളി, സ്കിറ്റുകൾ എന്നിവ അരങ്ങേറി, രാജേഷ് പെരുങ്ങുഴി പരിപാടിയുടെ മുഖ്യ അവതാരകനായിരുന്നു.ആഘോഷങ്ങളുടെ രണ്ടാം ദിനമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച ചതയദിനത്തോടനുബന്ധിച്ച് വിപുലമായ ഓണസദ്യ സംഘടിപ്പിച്ചു. 700-ലധികം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടി.എസ്.എൻ.സി.എസ് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാത്തിരിക്കുന്ന മെഗാ ഓണാഘോഷ പരിപാടി 2026 ഒക്ടോബർ 9-ന് ബഹറിൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
