സെക്രട്ടേറിയറ്റിൽ മൂന്ന് ദിവസം ഇനി മുഖ്യമന്ത്രി സന്ദർശകരെ കാണും

  • Home page
  • Business & Strategy
  • സെക്രട്ടേറിയറ്റിൽ മൂന്ന് ദിവസം ഇനി മുഖ്യമന്ത്രി സന്ദർശകരെ കാണും

സെക്രട്ടേറിയറ്റിൽ മൂന്ന് ദിവസം ഇനി മുഖ്യമന്ത്രി സന്ദർശകരെ കാണും


തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം മൂന്ന് മുതൽ 5.30 വരെ സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്തംബർ രണ്ട് (ബുധന്‍) മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും.

Leave A Comment