IMAC കൊച്ചിൻ കലാഭവൻ, ബഹ്റൈൻ മീഡിയ സിറ്റിയും IMAC അക്കാദമിയുമായും സഹകരിച്ച്, നടത്തിയ സമ്മർ ക്ലാസുകളുടെ ഗ്രാൻഡ് ഫിനാലേ ശ്രദ്ധേയ മായി . ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകിട്ട് ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പൂജ ഡാൻസ് ,

സമ്മർ ക്ലാസിലെ ദേശഭക്തിഗാനം,സിനിമാറ്റിക് ഡാൻസ്,കുട്ടികളുടെ സോളോ പെർഫോമൻസുകൾ,മാർഷൽ ആർട്സ്,കീബോർഡ് പെർഫോമൻസ് തുടങ്ങിയവയും ഒരുക്കിയിരുന്നു .

പരിപാടിയുടെ ഭാഗമായി ബഹറിൻ മീഡിയ സിറ്റിയിലെ എഡിറ്ററും സംഗീത അധ്യാപകനുമായ പ്രശാന്ത് വിച്ചു സംവിധാനവും ഫ്രാൻസിസ് കൈതാരത്ത് നിർമ്മാണവും നിർവഹിച്ച “ഞാനും ഒരു പ്രവാസി” എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.

മനുഷ്യബന്ധങ്ങളുടെ വ്യാപ്തിയും പ്രവാസ ജീവിതത്തിന്റെ ആരും കാണാത്ത നോവുകളും യാഥാർത്ഥ്യങ്ങളും, മുഴുവൻ സമ്മർ ക്ലാസ് വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് മനോഹരമായി ദൃശ്യവൽക്കരിച്ച ഹൃസ്വചിത്രംആയിരുന്നു ഇതെന്ന് കാണികൾ ഏവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു .
ഗ്രാൻഡ്ഫിനാലെടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി കേരളത്തിൽ നിന്നും എത്തിയ പ്രശസ്ത എഴുത്തു കാരനും കവിയുമായ മനോജ് കളരിക്കൽ , ബിഎംസി ശ്രാവണ മഹോത്സവം 2026 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂർ,ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ഓപറേഷൻസ് ഡയറക്ടർ ഷേർളി ലാസർ ,ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ എന്നിവർ പങ്കെടുത്തു

.രണ്ടുമാസക്കാലമായി ബഹറിൻ മീഡിയ സിറ്റി ഒരുക്കിയിരുന്ന സമ്മർ ക്ലാസുകളുടെ ഗ്രാൻഡ്ഫിനാലെ അതിഥികൾ ഏവരും ചേർന്ന് സമ്മർ ക്ലാസിന്റെ അധ്യാപകരും അനധ്യാപകരുമായ മുഴുവൻ ടീമിന്റെയും സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ സ്വാഗതം ആശംസിച്ച ഫ്രാൻസിസ് കൈതാരത്ത് , ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന യുദ്ധസാഹചര്യത്തിനും അനിശ്ചിതത്വങ്ങൾക്കിടയിലും ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കിയ സമ്മർ ക്ലാസിൽ കുട്ടികളുടെ വൻ പങ്കാളിത്തമാണ് ലഭിച്ചതെന്നും, നാളെയുടെ വാഗ്ദാനമായ കുട്ടികളെ പഠനത്തോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്താൻ സഹായിക്കുകയും, സമൂഹത്തിൽ നന്മയുള്ളവരായി വളർത്തുകയും ചെയ്യാൻ സഹായിക്കുക എന്നതാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ഐമാക് കൊച്ചിൻ കലാഭവൻ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

ഓപറേഷൻസ് ഡയറക്ടർ ഷേർളി ലാസറിൻ്റെ നേതൃത്വത്തിൽ , ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ നയിച്ച , സമ്മർ ക്ലാസുകൾ ഇത്രയും വിജയകരമായി നടത്തിയതിന് ഐമാകിലെ മുഴുവൻ അധ്യാപകരെയും മറ്റു ടീമംഗങ്ങളെയും,കുട്ടികളുടെ രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.കൂടാതെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കിയിരിക്കുന്ന സോഷ്യൽ വെൽഫെയർ സെക്യൂരിറ്റി സ്കീമിനെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. ഐമാക് കൊച്ചിൻ കലാഭവന് എല്ലാ ആശംസകളും നേരുന്നു എന്നും ഇനിയും ഈ സംരംഭം മുന്നോട്ടു കുതിക്കട്ടെ എന്നും എല്ലാ കുട്ടികൾക്കും ആശംസകളും അഭിനന്ദനങ്ങളും നേരുന്നു എന്നും
വിശിഷ്ടാതിഥിയായി പങ്കെടുത്ത മനോജ് കളരിക്കൽ പറഞ്ഞു . ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ ആശംസകൾ നേർന്ന് സംസാരിച്ചു .

സമ്മർ ക്ലാസിന്റെ ഭാഗമായി ബാറ്റ്മാൻ സ്പൈഡർമാൻ, സൂപ്പർമാൻ എന്നീ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ കിഡ്സ് ഫെസ്റ്റിന്റെ സമ്മാനദാനവും ചടങ്ങിൽ നടന്നു. കിഡ്സ് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ എല്ലാ മത്സരങ്ങളിലെ വിജയികൾക്കും,ഇൻഡി വിഡുവൽ ചാമ്പ്യൻസിനും , ട്രോഫിയും മെഡലും ,പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മനോജ് കളരിക്കൽ,ഫ്രാൻസിസ് കൈതാരത്ത്,നിഷാ ഫ്രാൻസിസ്, ഷാജഹാൻ കരുവന്നൂർ ,ഷേർലി ലാസർ എന്നിവർ ചേർന്ന് സമ്മാനിച്ചു.

ചടങ്ങിൽ മനോജ് കളരിക്കൽ മനോഹരമായി ഗ്രാൻഡ്ഫിനാലെ പരിപാടി നിയന്ത്രിച്ച അവതാരക കൃപജ മോളി ജോർജ് എന്നിവർക്ക് മെമന്റോ സമ്മാനിക്കുകയും സമ്മർക്ലാസിനു നേതൃത്വം നൽകിയ മുഴുവൻ അധ്യാപകർക്കും , മറ്റ് ടീം അംഗങ്ങൾക്കും ബിഎംസിയുടെ സ്നേഹോപഹാരവും നൽകുകയും ചെയ്തു.

കൂടാതെ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത പ്രശാന്ത് വിച്ചു ,ക്യാമറാമാൻ റെൻ എന്നിവരെ ഫ്രാൻസിസ് കൈതാരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു .തങ്ങൾക്ക് നൽകുന്ന എല്ലാ പിന്തുണയ്ക്കും ഫ്രാൻസിസ് കൈതാരത്തിനെയും നിഷ ഫ്രാൻസിസിനെയും ചടങ്ങിൽ ,പൊന്നാട അണിയിച്ച് ആദരിച്ചു.

നിരവധി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,രക്ഷിതാക്കളും ബിഎംസി ശ്രാവണ മഹോത്സവം 2026 കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ നന്ദി രേഖപ്പെടുത്തി.