കോഴിക്കോട്: മാപ്പിളപ്പാട്ട് സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) നിര്യാതനായി. അരീക്കാട് ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് രണ്ടുമാസമായി ചികിത്സയിലായിരുന്നു. കെ.ജെ. യേശുദാസ് ആലാപിച്ച ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര ആലപിച്ച ‘യത്തീമിന്നത്താണീ’ തുടങ്ങിയവ അബൂബക്കറിന്റെ ഈണത്തിൽ പിറന്ന പാട്ടുകളാണ്. മൂവായിരത്തിലധികം സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടുകൾക്ക് ഈണം പകർന്നിട്ടുണ്ട്.
കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപു വരെ വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടിന് ഈണമിട്ടിരുന്നു. എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയ മുൻനിര ഗായകരെല്ലാം അബൂബക്കർ ഈണമിട്ട പാട്ടുകൾ ആലപിച്ചിട്ടുണ്ട്. കാസെറ്റ് ആൽബങ്ങളിൽ തരംഗം സൃഷ്ടിച്ച തരംഗിണിക്ക് വേണ്ടി 40 ഗാനങ്ങൾ ഒരുക്കി. നാൽപ്പതും പാടിയത് യേശുദാസ് ആയിരുന്നു. ബാബുരാജ്, ജി.ദേവരാജൻ, ബോംബെ രവി എന്നിവരുടെ കൂടെ തബലിസ്റ്റായി പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന. ഖബറടക്കം മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ നടന്നു.