നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ രാജ്യാന്തര സർവീസ് ഒക്ടോബർ 25ന് ആരംഭിക്കും. കൊച്ചി–ബാങ്കോക്ക്–കൊച്ചി റൂട്ടിൽ ആഴ്ചയിൽ നാല് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസ്. കൊച്ചിയിൽ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് പുലർച്ചെ 3.55ന് ബാങ്കോക്കിലെത്തും. ബാങ്കോക്കിൽ നിന്ന് പുലർച്ചെ 4.55ന് പുറപ്പെട്ട് രാവിലെ 7.40ന് കൊച്ചിയിൽ തിരിച്ചെത്തുന്ന തരത്തിലാണ് സമയക്രമം.
ബോയിങ് 737 വിമാനമാണ് സർവീസിനായി ഉപയോഗിക്കുക. പുതിയ സർവീസ് ആരംഭിക്കുന്നതോടെ കൊച്ചിയിൽനിന്ന് തായ്‌ലൻഡ് തലസ്ഥാനത്തേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും.
നിലവിൽ എയർ ഏഷ്യ, തായ് ലയൺ എയർ എന്നിവ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് സർവീസ് നടത്തുന്നുണ്ട്.
