തിരുവനന്തപുരം: മുൻമന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കുരുക്കാവുന്ന കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാട് നടന്നെന്ന് ഇ.ഡി.യുടെ റിപ്പോർട്ട്. ‘റെഡ് ബുക്ക്’ തെളിവായി അവതരിപ്പിച്ചാണ് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. വീണയുടെ താമസസ്ഥലത്തുനടത്തിയ റെയ്ഡിൽ ലഭിച്ച ചുവന്ന ഡയറിയാണിത്. ഇതെക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും അനുബന്ധ തെളിവുകളായി കൂട്ടിച്ചേർത്താണ് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇ.ഡി. നടത്തിയ അന്വേഷണത്തിൽ ദുബായിലേക്ക് പണം കടത്തിയതിന്റെ തെളിവുകളും കണ്ടെത്തി. ഇവിടെ കൈമാറുന്ന രൂപ ദുബായിൽ അവിടുത്തെ കറൻസിയായി ലഭ്യമാക്കുന്ന ഹവാല ഇടപാടാണ് നടന്നത്. റിയാസിന്റെ സുഹൃത്തുക്കൾ വഴി നടത്തിയ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഡയറിയിൽ ഉണ്ടായിരുന്നു. ഇതെല്ലാം വീണ സമ്മതിച്ചെന്ന് വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
ഇടപാടുമായി ബന്ധപ്പെട്ട ഫോണുകൾ പരിശോധിച്ചപ്പോഴാണ് തെളിവുകൾ ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്കു മുമ്പിലാണ് വീണ, പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ സമ്മതിച്ചതായും ഇ.ഡി. വ്യക്തമാക്കുന്നു. വീണ ഒപ്പിട്ട മൊഴിയുടെ പകർപ്പും റിപ്പോർട്ടിനൊപ്പമുണ്ട്.ഈ പണം എവിടെനിന്നു വന്നു, എങ്ങോട്ട് പോയി, ആരോക്കെ കൂട്ടുനിന്നു, ഇതിനായി സ്വീകരിച്ച നിയമവിരുദ്ധ നടപടികൾ തുടങ്ങിയ കാര്യങ്ങളാണ് സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ കൂടുതലായി കണ്ടെത്തേണ്ടത്. സി.എം.ആർ.എൽ. പണമിടപാട് കേസേക്കാൾ ഗൗരവമുള്ള കുറ്റകൃത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.