ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പേർ അറസ്റ്റിൽ

  • Home page
  • Kerala
  • ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പേർ അറസ്റ്റിൽ

ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പേർ അറസ്റ്റിൽ


ആലുവ: റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടനാട് സ്വദേശിയായ പ്രവാസി യുവാവാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.
സെപ്റ്റംബർ 13ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പരുക്കേറ്റ യുവാവിൽനിന്നു ലഭിച്ച സൂചനകൾ, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ, പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എന്നിവയിലൂടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.
നൂറോളം പേരെ ചോദ്യം ചെയ്തു
ദൃക്‌സാക്ഷികളില്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായെങ്കിലും രാത്രി കാലങ്ങളിൽ ജോലി ചെയ്യുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരടക്കം നൂറോളം പേരെ ചോദ്യം ചെയ്തു. നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതികളെക്കുറിച്ചുള്ള നിർണായക സൂചനകളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ സംഭവത്തിനുശേഷം കൊല്ലൂരിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ആലുവ സിഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലൂരിലേക്ക് തിരിച്ചു. എന്നാൽ മൊബൈൽ ഫോൺ കാസർഗോഡ് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപമെത്തിയതായി വിവരം ലഭിച്ചതോടെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചയാളും പിടിയിൽ
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കേസിലെ മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഒന്നാം പ്രതി പരാതിക്കാരനിൽനിന്ന് കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതിയെ ആലുവ എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് സ്വർണനിറത്തിലുള്ള മാലയും കണ്ടെടുത്തു.
സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പിടികൂടിയത്.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ചിലരെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ആലുവ സിഐ പി.എം. ഷമീർ, എസ്ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ്, എഎസ്ഐ സുനിൽകുമാർ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, ഷഹീൻ, ഷിബിൻ, അനിൽജിത്ത്, ശ്രീരാജ്, രജീഷ് അരവിന്ദ് എന്നിവരും ഉണ്ടായിരുന്നു.

Leave A Comment