കോയമ്പത്തൂർ: പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ടെർമിനൽ ഉൾപ്പെടെ കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. 2,132 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന് നിതി ആയോഗിന്റെ അനുമതി ലഭിച്ചതായും കേന്ദ്ര ക്യാബിനറ്റിന്റെ അന്തിമ അനുമതി ലഭിച്ചാൽ വികസനപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വിമാനത്താവള ഡയറക്ടർ മുഹമ്മദ് ആരിഫ് അറിയിച്ചു.
നിലവിൽ 420 ഏക്കറിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തിനായി 627 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. വികസനം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ ആകെ വിസ്തീർണം 1,047 ഏക്കറായി ഉയരും.
വിമാനത്താവളത്തിലെ ആഭ്യന്തര സുരക്ഷാ പരിശോധനാ വിഭാഗത്തിലെ (എസ്എച്ച്എ) തൂണുകൾ ഉൾപ്പെടെയുള്ള വിപുലീകരണ ജോലികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 24 മണിക്കൂറും വിമാനത്താവളം പ്രവർത്തിക്കുന്നതിനാൽ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് വെല്ലുവിളിയാണെന്ന് അധികൃതർ പറഞ്ഞു. ജോലികൾ പൂർത്തിയാകുന്നതോടെ യാത്രക്കാർക്കായി 1,000 ചതുരശ്ര മീറ്റർ അധിക സ്ഥലം ലഭിക്കും. നിലവിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള താൽക്കാലിക സംവിധാനമാണിത്.
നിലവിൽ വിമാനത്താവളത്തിന്റെ വാർഷിക യാത്രാശേഷി 36.3 ലക്ഷമാണ്. പ്രതിവർഷം 35 ലക്ഷത്തോളം യാത്രക്കാർ ഇപ്പോൾ തന്നെ വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വരും വർഷങ്ങളിൽ വർധിക്കുമെന്നതിനാൽ അധിക സൗകര്യം അടുത്ത മൂന്ന് വർഷത്തേക്ക് തിരക്ക് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ദീർഘകാല പരിഹാരമായാണ് 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ടെർമിനൽ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ ടെർമിനലിന്റെ വിസ്തീർണം 18,000 ചതുരശ്ര മീറ്ററാണ്. പുതിയ ടെർമിനൽ 75,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലായിരിക്കും നിർമിക്കുക. ഇതോടെ തിരക്കേറിയ സമയങ്ങളിലെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി 1,770ൽനിന്ന് 4,200 ആയി ഉയരും.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന മെഗാ പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യഘട്ട അനുമതികളും ലഭിച്ചതായി വിമാനത്താവള ഡയറക്ടർ വ്യക്തമാക്കി.
