‘ഹർമനും സ്മൃതിയും തമ്മിൽ പിണക്കം’; ഡ്രസിങ് റൂമിൽ മുഖത്തേക്ക്‌ നോക്കില്ല’: വിവാദം

  • Home page
  • Business & Strategy
  • ‘ഹർമനും സ്മൃതിയും തമ്മിൽ പിണക്കം’; ഡ്രസിങ് റൂമിൽ മുഖത്തേക്ക്‌ നോക്കില്ല’: വിവാദം

‘ഹർമനും സ്മൃതിയും തമ്മിൽ പിണക്കം’; ഡ്രസിങ് റൂമിൽ മുഖത്തേക്ക്‌ നോക്കില്ല’: വിവാദം


മുംബയ്‌: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ സ്ഥാനം ഹർമൻപ്രീത് ഒഴിയുകയും സ്മൃതി മന്ഥന ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെ വിവാദം. സ്മൃതിയും ഹർമനും തമ്മിൽ അത്ര സൗഹാർദത്തിലല്ലെന്നും ഇരുവരും പരസ്പരം മുഖത്ത് പോലും നോക്കാറില്ലെന്നും ടീമിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ക്യാപ്റ്റൻസിയെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തെറ്റിയതെന്നും തനിക്ക് അർഹതപ്പെട്ട ക്യാപ്റ്റൻ പദവി കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഹർമൻ വിട്ടുതരുന്നില്ലെന്ന് സ്മൃതിക്ക് പരിഭവമുണ്ടായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. ‘കുറച്ച് കാലമായി ഇരുവരും കണ്ണിൽ നോക്കി പരസ്പരം സംസാരിക്കാറില്ല. സ്വാഭാവികമായും അത് ഡ്രസിങ് റൂമിലും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്’- ടീമിലെ ഉന്നതൻ വെളിപ്പെടുത്തി.

യുകെയിൽ വച്ച് ഈ വർഷമാദ്യം ഇന്ത്യ ട്വൻറി 20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഹർമനെതിരെ ഇതിഹാസ താരമായ മിതാലി തുറന്നടിച്ചിരുന്നു. ഹർമൻറെ ഫിറ്റ്നസും ഫോമും തീരെ പോരെന്നും ക്യാപ്റ്റൻ പദവി മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നുമായിരുന്നു വിമർശനം. ‘മൂന്ന് വർഷം മുൻപ് തന്നെ ഏകദിന ക്യാപ്റ്റൻസി മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ ഹർമൻ തയാറാവണമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും തുടരുന്നത് പോട്ടെ, ട്വൻറി 20 ക്യാപ്റ്റൻസിയെങ്കിലും ഷെഫാലിയെപ്പോലെ ചെറുപ്പക്കാരെ ഏൽപ്പിക്കണം’- മിതാലി പറഞ്ഞു.

ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ നിയമിക്കുന്നതിൽ വലിയ കാലതാമസം സംഭവിച്ചുവെന്ന പരാതി സ്മൃതിക്ക് നേരത്തെയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ ഏറ്റവും മികച്ച താരമായിരുന്നിട്ട് കൂടി അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും ബിസിസിഐയെ കണ്ട് താരം ഇക്കാര്യങ്ങൾ അറിയിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. 2013 ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്മൃതി അതിവേഗത്തിലാണ് മികച്ച ഓപ്പണറായി പേരെടുത്തത്. 10,000 റൺസ് നേട്ടവും അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസിലെ നേട്ടത്തോടെ ക്യാപ്റ്റൻ പദവിക്കായുള്ള അവകാശം താരം ആവർത്തിച്ചു. ഗുവാഹത്തിയിൽ നടന്ന യോഗത്തിലാണ് നിർണായക തീരുമാനം ബിസിസിഐ കൈക്കൊണ്ടത്. ഹർമനോട് പദവിയൊഴിയാൻ ബിസിസിഐ ആവശ്യപ്പെട്ടുവെന്നാണ് സൂചന.

Leave A Comment