ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ‘ഓണോത്സവം 2026’ വർണ്ണാഭമായി ആഘോഷിച്ചു

  • Home page
  • Business & Strategy
  • ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ‘ഓണോത്സവം 2026’ വർണ്ണാഭമായി ആഘോഷിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ‘ഓണോത്സവം 2026’ വർണ്ണാഭമായി ആഘോഷിച്ചു


ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ‘ഓണോത്സവം 2026’ ഓണാഘോഷ പരിപാടികൾ സൽമാനിയ കെ. സിറ്റി ഹാളിൽ വച്ച് വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പ്രവാസലോകത്ത് നാടിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരസ്മരണകളും ഉണർത്തിയ ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.


അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം സീനിയർ ജേർണലിസ്റ്റും എഴുത്തുകാരിയുമായ രാജി ഉണ്ണികൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി സാഹിത്യ രത്ന അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ റോയി പൂച്ചേരിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം കൈമാറി.

അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ രക്ഷാധികാരിയും സീനിയർ അംഗവുമായ ജോർജ്ജ് അമ്പലപ്പുഴ, വൈസ് പ്രസിഡന്റ് ആതിര പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ അനീഷ് ആലപ്പുഴ ചടങ്ങിന് ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി.സനോജ് ഭാസ്‌കർ, സഞ്ജു എം. സനു എന്നിവരുടെ അവതരണ മികവും വിനായക് വിജയകുമാറിന്റെ സ്റ്റേജ് കൺട്രോളും പരിപാടികളുടെ ഒഴുക്കും ആകർഷണീയതയും ഇരട്ടിയാക്കി.

രാവിലെ മനോഹരമായ അത്തപ്പൂക്കളമത്സരത്തോടെയും മാവേലിമന്നനെ ഹാളിലേക്ക് വരവേറ്റും ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് അസോസിയേഷൻ അംഗങ്ങളും കുട്ടികളും അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. പൂജാ ഡാൻസ്, തിരുവാതിരക്കളി, കൈകൊട്ടിക്കളി, മാർഗ്ഗംകളി, സംഘനൃത്തങ്ങൾ, നാടൻ പാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ കാണികളുടെ മനംകവർന്നു. കാണികളെ ആവേശത്തിലാഴ്ത്തിയ വിവിധ ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രവാസി സമൂഹത്തിന് ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന ‘ഓണോത്സവം 2026’ വൻ വിജയമാക്കാൻ സഹകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും, അസോസിയേഷൻ അംഗങ്ങൾക്കും, വടംവലി ടീമായ ബ്ലാസ്റ്റേഴ്‌സ് ആലപ്പുഴയുടെ പ്രിയപ്പെട്ടവർക്കും, ഒപ്പം നിന്ന എല്ലാവർക്കും സംഘാടക സമിതി നന്ദി രേഖപ്പെടുത്തി.

Leave A Comment