‘പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല’; രതീഷ് ആർ. നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി

  • Home page
  • Kerala
  • ‘പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല’; രതീഷ് ആർ. നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി

‘പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല’; രതീഷ് ആർ. നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി


തിരുവനന്തപുരം: കോന്നി നഴ്സിങ് കോളജിൽ സീനിയർ സൂപ്രണ്ടായി കരാറിൽ നിയമിച്ച ബിജെപി നേതാവ് രതീഷ് ആർ. നായരെ പിരിച്ചുവിടും. ആരോഗ്യമന്ത്രി കെ.മുരളീധരനാണ്‌ നിർദേശം നൽകിയത്‌. രതീഷ് പക്കാ ബിജെപിക്കാരനാണെന്നും പക്കാ രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളിൽ നിയമിക്കരുതെന്നും മന്ത്രി പറഞ്ഞു. നിയമനം തന്റെ ഓഫിസ് അറിഞ്ഞിരുന്നില്ല. നിയമപരമായ വശങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ വകുപ്പ് മേധാവിക്കു നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ഡിഎംഇ ഓഫിസിൽനിന്നു പ്ലാനിങ് ഓഫിസറായി വിരമിച്ച രതീഷിന്റെ തുടർനിയമനം വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ നീക്കം.

സർവീസിലിരിക്കെ ബിജെപി അനുകൂല സംഘടനയായ എൻജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ്. ഇത്തരമൊരു തീരുമാനം ഉദ്യോഗസ്ഥ തലത്തിലാണ് എടുത്തതെന്നു മന്ത്രി പറഞ്ഞു. വകുപ്പിലെ നിയമനങ്ങളിൽ മന്ത്രിയുടെ ഓഫിസ് ഇടപെടാറില്ല. ഡോക്ടർമാർ നല്ല മിടുക്കരായിരിക്കണം, വകുപ്പിനെ സേവിക്കുന്നവരായിരിക്കണം, ആരോഗ്യവകുപ്പിന്റെ ശമ്പളം വാങ്ങി ജീവിക്കാൻ താൽപര്യമുള്ളവരായിരിക്കണം എന്ന് മാത്രമേയുള്ളു. അദ്ദേഹത്തെ നിയമിച്ചത് മന്ത്രിയോ, മന്ത്രിയുടെ ഓഫിസോ അറിഞ്ഞല്ല. നിയമനത്തിനു ശേഷം പാർട്ടിയിലെ ചിലരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.

“രതീഷ് പക്കാ ബിജെപിക്കാരാനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അദ്ദേഹം സർവീസിന് ഹിതകരമല്ലാത്ത ഒരാളാണെന്നാണ് വകുപ്പിന്റെ അഭിപ്രായം. പിരിച്ചുവിട്ടാൽ കോടതിയിൽ പോകാൻ സാധ്യതയുള്ളതിനാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിയമവശം പരിശോധിക്കും. ഒരു കാരണവശാലും പക്കാരാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല. കോന്നിയിലേക്ക് പോകാൻ ആരും തയാറല്ല. അതുകൊണ്ട് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചപ്പോൾ നിയമിച്ചതാകാം”. – മുരളീധരൻ പറഞ്ഞു.

Leave A Comment