ഒരേ ലക്ഷ്യം, വേറെ വേറെ പദ്ധതികൾ: തദ്ദേശവകുപ്പ് ഐഎഎസ് തലപ്പത്ത് പോര്; കുഴങ്ങി തദ്ദേശ സ്ഥാപനങ്ങൾ

  • Home page
  • Business & Strategy
  • ഒരേ ലക്ഷ്യം, വേറെ വേറെ പദ്ധതികൾ: തദ്ദേശവകുപ്പ് ഐഎഎസ് തലപ്പത്ത് പോര്; കുഴങ്ങി തദ്ദേശ സ്ഥാപനങ്ങൾ

ഒരേ ലക്ഷ്യം, വേറെ വേറെ പദ്ധതികൾ: തദ്ദേശവകുപ്പ് ഐഎഎസ് തലപ്പത്ത് പോര്; കുഴങ്ങി തദ്ദേശ സ്ഥാപനങ്ങൾ


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിൽ മാലിന്യമുക്ത കേരളം പദ്ധതി വഴിമുട്ടുന്നു. വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും വെവ്വേറെ മാലിന്യ നിർമാർജന പദ്ധതികൾ പ്രഖ്യാപിച്ചതോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായത്. മാലിന്യ സംസ്കരണത്തിനായി ‘നിർമലം’ എന്ന പദ്ധതിയാണ് ടി.വി. അനുപമ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതിയിൽ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ദിവ്യ എസ്. അയ്യർ മന്ത്രിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ദിവ്യയുടെ നേതൃത്വത്തിൽ ‘ഐസി 100 ചലഞ്ച്’ (IC 100 Challenge) എന്ന പേരിൽ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചു. രണ്ടു പദ്ധതികളും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട പ്രചാരണ പരിപാടികളാണ്. എന്നാൽ ഭരണതലപ്പത്തെ മുതിർന്ന ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് പോരടിക്കാൻ തുടങ്ങിയതോടെ ഏത് പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.

തർക്കം രൂക്ഷമായതോടെ വിശദീകരണവുമായി തദ്ദേശ വകുപ്പ് രംഗത്തെത്തി. രണ്ടു പദ്ധതികളും വ്യത്യസ്ത ലക്ഷ്യങ്ങളോടെയുള്ളതാണെന്നാണ് വകുപ്പിന്റെ വിശദീകരണം. 5 വർഷം കൊണ്ട് പൂർത്തിയാക്കേണ്ട സമഗ്ര മാലിന്യ സംസ്കരണ പദ്ധതിയാണ്‌ നിർമലം, ഐസി 100 ചലഞ്ച് പദ്ധതി വാർഡ് തലത്തിൽ ഊന്നൽ നൽകി നടപ്പിലാക്കുന്ന 100 ദിവസത്തെ പദ്ധതി. എന്നാൽ വകുപ്പ്തലത്തിലെ ഈ ഏകോപനമില്ലായ്മയും അധികാരത്തർക്കവും സംസ്ഥാനത്തിന്റെ മാലിന്യമുക്ത ദൗത്യത്തിന്റെ വേഗത കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്.

Leave A Comment