ന്യൂഡൽഹി: ശനിയാഴ്ച നടക്കാനിരിക്കുന്ന സിജെപിയുടെ പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്തെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഡൽഹി പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. സംശയാസ്പദമായ രീതിയിൽ കഴിയുന്നവരെ പൊലീസ് തുടർച്ചയായി ചോദ്യം ചെയ്തു വരികയാണ്. ഡൽഹിയിലെ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. താമസക്കാരുടെ വിവരങ്ങൾ അടങ്ങിയ റജിസ്റ്ററുകളും ലോഗ് ബുക്കുകളും പൊലീസ് സംഘം നേരിട്ടെത്തി പരിശോധിക്കുന്നു. ഒക്ടോബർ 8 നും 11 നും ഇടയിൽ മുറികൾ ബുക്ക് ചെയ്തവർ, വലിയ ഗ്രൂപ്പുകളായി എത്തിയവർ, പ്രത്യേകിച്ച് 20-30 പ്രായപരിധിയിലുള്ള യുവാക്കൾ എന്നിവരെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. മറ്റൊരാളുടെ പേരിൽ ബുക്ക് ചെയ്ത മുറികളിൽ താമസിക്കുന്നവരെയും കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചോദ്യം ചെയ്യുന്നുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ പ്രാദേശിക പൊലീസ് നിരീക്ഷിക്കുമ്പോൾ, സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തികളെ കണ്ടെത്താൻ സ്‌പെഷൽ സെൽ, ക്രൈംബ്രാഞ്ച് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളെ ചുമതലപ്പെടുത്തി. പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠി, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ എന്നിവർ എവിടെയാണ് താമസിക്കുന്നത് എന്ന് കണ്ടെത്തുകയാണ് ഈ സംഘങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിനുപുറമെ, ഡൽഹിയിലേക്ക് ആളുകളെ സംഘടിതമായി എത്തിക്കാൻ സാധ്യതയുള്ള ബസ് സർവീസുകളും പൊലീസ് നിരീക്ഷണത്തിലാണ്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്ന വലിയ സംഘങ്ങളെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ആരെയും തടഞ്ഞുവെച്ചിട്ടില്ലെന്നും മുൻകരുതൽ പരിശോധനകൾ മാത്രമാണ് നടക്കുന്നതെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പുറപ്പെട്ട യുവാക്കളെ വഴിമധ്യേ തടയുന്നതായും പരാതികളുണ്ട്. മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത എഐഎസ്എഫ് അംഗത്തിന് ഡൽഹി പൊലീസിന്റെ ഫോൺ കോൾ വരികയും, ചോദ്യം ചെയ്യലിനിടെ ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്. ഇതേത്തുടർന്ന് ഇയാൾ ഫരീദാബാദിൽ ഇറങ്ങി നാട്ടിലേക്കു മടങ്ങി.
ഇറ്റാർസിയിൽ 21 പേർ കസ്റ്റഡിയിൽ: പൂണെയിൽനിന്ന് ഗോവ എക്സ്പ്രസ് വഴി ഡൽഹിയിലേക്ക് പ്രതിഷേധത്തിനായി വരികയായിരുന്ന 21 യുവാക്കളെ ഭോപാലിലെ ഇറ്റാർസിയിൽ വെച്ച് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ഇറ്റാർസിയിലെ ഒരു ഹോട്ടലിലേക്ക് മാറ്റുകയും പൂണെയിലേക്കു തിരികെ പോകാൻ ആവശ്യപ്പെടുകയുമായിരുന്നു.
