ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ‘കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ജന്തർ മന്തർ 2.O പ്രതിഷേധം നടക്കുന്നതിന് മുന്നോടിയായി ഡൽഹി കനത്ത സുരക്ഷാ വലയത്തിലായി. 20,000 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തർ മന്തറിൽ വിന്യസിച്ചിട്ടുള്ളത്. രാവിലെ 10 മണിയോടെ ജന്തർ മന്തറിലെത്തണമെന്നാണു പ്രവർത്തകർക്ക് സിജെപി നൽകിയിട്ടുള്ള നിർദേശം. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ ധർമേന്ദ്ര പ്രധാനെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കിയ ആത്മവിശ്വാസത്തിലാണ് സിജെപി രണ്ടാം സമരത്തിനെത്തുന്നത്.
അതേസമയം, പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് ഉൾപ്പെടെയുള്ള 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. ലോക്കൽ ട്രെയിനുകളും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും റദ്ദാക്കി. ജൻപഥ്–കർത്തവ്യ പഥിന് 4 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് നിരോധിച്ചു. സിജെപി സമരത്തിനു മുന്നോടിയായി ഡൽഹിയിൽനിന്ന് ആയിരത്തോളം പേരെ അറസ്റ്റുചെയ്തതായി ഡൽഹി പൊലീസ്. വെള്ളിയാഴ്ച അർധരാത്രിയും ശനിയാഴ്ച പുലർച്ചെയുമായിട്ടായാരുന്നു അറസ്റ്റ്. പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്യുന്നവരെ ഡൽഹിയിലെ മൂന്ന് സ്പോർട്സ് കോംപ്ലക്സുകളെ താൽക്കാലിക തടവുകേന്ദ്രങ്ങളാക്കി മാറ്റി അവിടെ പാർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

