ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തം :മലയാളികൾ വെന്തുമരിച്ചത്‌ മനഃപൂർവമുള്ള തീവയ്പ്പിലെന്ന്‌ പൊലീസ്‌

  • Home page
  • Business & Strategy
  • ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തം :മലയാളികൾ വെന്തുമരിച്ചത്‌ മനഃപൂർവമുള്ള തീവയ്പ്പിലെന്ന്‌ പൊലീസ്‌

ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തം :മലയാളികൾ വെന്തുമരിച്ചത്‌ മനഃപൂർവമുള്ള തീവയ്പ്പിലെന്ന്‌ പൊലീസ്‌


ബോഹം: പടിഞ്ഞാറൻ ജർമനിയിലെ ബോഹുമിൽ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂ‌ടുതൽ കണ്ടെത്തൽ. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് മരിച്ചത്. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ മറ്റ് അഞ്ച് താമസക്കാർ ചികിത്സയിലാണ്‌. അയൽവാസിയായ 41 കാരനെ ജർമൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് പോലെയുള്ള സാങ്കേതിക തകരാറുകൾ അല്ല തീപിടിത്തത്തിന് കാരണമെന്ന് ഫൊറൻസിക്, അഗ്നിശമന വിദഗ്ധരുടെ പരിശോധനയിൽ സ്ഥിരീകരിച്ചു. മനഃപൂർവം തീയിട്ടതാണെന്ന സംശയത്തെത്തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിക്കുന്ന 41 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട പ്രത്യേക പൊലീസ് സംഘം (മൊർഡ്കൊമിഷൻ) ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മുൻവൈരാഗ്യമോ മറ്റെന്തെങ്കിലും തർക്കങ്ങളോ ആണോ തീവയ്പിന് പിന്നിലെന്ന് അന്വേഷണത്തിലാണ്. ജോലി തേടി ജർമനിയിലെത്തിയ മൂവരും, ബോഹുമിലെ ഹോഫ്സ്ട്രേഡെ മേഖലയിലുള്ള പോസ്റ്റ്സ്ട്രാസെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ ഒരുമിച്ച് താമസം തുടങ്ങിയിട്ട് രണ്ടാഴ്ച മുമ്പാണ്‌. സ്വപ്നങ്ങളുമായി മുന്നേറുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത ദുരന്തം മൂന്ന് കുടുംബങ്ങളെയും തേടിയെത്തിയത്.കൊല്ലം ചാമക്കട അശ്വിൻ ഭവനിൽ ജോയ് – ഷീല ദമ്പതികളുടെ മകൾ. ബി.എഡ് ബിരുദധാരിയായ അഞ്ജലി, ഈ വർഷം ജൂലൈയിലാണ് ജർമനിയിലെത്തിയത്.

സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ജോലി ചെയ്തുവരികയായിരുന്നു. കാലടി മാണിക്കമംഗലം കൊണൂരാൻ ഹൗസിൽ ജോണി ഔസേപ്പിന്റെയും പരേതയായ ലിസിയുടെയും മകനായ സിവിൻ ഹോട്ടൽ – റസ്റ്ററന്റ് മേഖലയിൽ ജോലി തേടിയാണ് ജർമനിയിലെത്തിയത്. ശാന്തിഗ്രാം കൊച്ചേടത്ത് വീട്ടിൽ റിട്ട. എസ്.ഐ. കെ.പി. സാബുവിന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരിയായ ജ്യോതി സാബുവിന്റെയും മകളായ നോവ സാബു നാട്ടിൽ ജിം ട്രെയിനറായിരുന്നു. ആറുമാസം മുൻപാണ് ജർമനിയിലെത്തി അവിടെയും ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീയിട്ടതിനെത്തുടർന്നാണ് വൻ ദുരന്തത്തിലേക്ക് നയിച്ച തീപിടിത്തം ഉണ്ടായത്. മരത്തിൽ നിർമിച്ച പ്രധാന കോണിപ്പടി പെട്ടെന്ന് കത്താൻ തുടങ്ങിയത് തീ പടരുന്നതിന്റെ വേഗത കൂട്ടി.
പുറത്തേക്കിറങ്ങാനുള്ള പ്രധാന വഴിയായ കോണിപ്പടി കത്തിനശിച്ചതോടെ മുകളിലത്തെ നിലകളിൽ താമസിച്ചിരുന്നവർ കുടുങ്ങിപ്പോയി. ഇടനാഴിയിലാകെ വിഷപ്പുകയും കടുത്ത ചൂടും നിറഞ്ഞതിനാൽ രണ്ടാം നിലയിലെ ഫ്ലാറ്റിലുണ്ടായിരുന്ന മലയാളികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയുടെയും ലോക കേരള സഭയുടെയും വിവിധ മലയാളി കൂട്ടായ്മകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Leave A Comment